തിരുവനന്തപുരം: സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. കേല്‍ക്കര്‍ വിളിച്ച രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന്. രാവിലെ 11 മണിക്ക് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ ആണ് യോഗം നടക്കുക. ഈ വിഷയത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ച് നിയമസഭയില്‍ പ്രമേയം പാസാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് നിര്‍ണായക യോഗം.
വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ അവരുടെ നിലപാടുകള്‍ വ്യക്തമാക്കും. നിലവില്‍, എല്‍ഡിഎഫും യുഡിഎഫും പരിഷ്‌കരണത്തെ എതിര്‍ക്കുമ്പോള്‍ ബിജെപി ഇതിനെ പിന്തുണയ്ക്കുന്നു. 2002-ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയുള്ള ഈ പരിഷ്‌കരണ നടപടികളില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്മാറാന്‍ സാധ്യതയില്ലെന്നാണ് സൂചന. അതിനാല്‍, വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനുള്ള നടപടിക്രമങ്ങള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ യോഗത്തില്‍ വിശദീകരിക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും അവരുടെ ആശങ്കകള്‍ പരിഗണിക്കുകയും ചെയ്യുക എന്നതാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.