ജസ്നയെ കണ്ടെന്ന വെളിപ്പെടുത്തല്‍; സ്ത്രീയുടെ മൊഴിയെടുക്കാന്‍ സിബിഐ മുണ്ടക്കയത്ത് എത്തും

 

കോട്ടയം/പത്തനംതിട്ട: കാണാതായ ജസ്ന മരിയയെ കണ്ടിരുന്നുവെന്ന സ്ത്രീയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാനായി സിബിഐ എത്തും. മുണ്ടക്കയത്ത് എത്തുന്ന സിബിഐ സംഘം ലോഡ്ജ് ഉടമയോടും വിശദാംശങ്ങള്‍ തേടും. കാണാതാകുന്നതിന് രണ്ടുമാസം മുമ്പ് ജസ്നയെ മുണ്ടക്കയത്തെ ലോഡ്ജിൽ വെച്ച് യുവാവിനൊപ്പം കണ്ടു എന്നായിരുന്നു കോരുത്തോട് സ്വദേശിനിയായ സ്ത്രീയുടെ വെളിപ്പെടുത്തല്‍.

വെളിപ്പെടുത്തലിന് പിന്നാലെ സ്ത്രീയെയും ലോഡ്ജ് ഉടമയെയും ഇന്നലെ മുണ്ടക്കയം സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പോലീസ് വിവരങ്ങൾ തേടിയിരുന്നു. പോലീസിനോടും ജസ്നയെ താന്‍ കണ്ടെന്ന് കോരുത്തോട് സ്വദേശിനി ആവർത്തിച്ചു. പല്ലിലെ ക്ലിപ്പും  മുഖവും കൃത്യമായി ഓർത്തെടുക്കാൻ കഴിയും. കൂടെ 25 വയസ് തോന്നിക്കുന്ന ചെറുപ്പക്കാരൻ ഉണ്ടായിരുന്നെന്നും ഇവർ പറഞ്ഞു. ജസ്ന മരിയയുടെ സിസി ടിവി ദൃശ്യങ്ങളിലെ പരിസരപ്രദേശത്തു തന്നെയാണ് ഈ ലോഡ്ജ്. എന്നാൽ തന്‍റെ ലോഡ്ജിൽ വർഷങ്ങളായി വഴിവിട്ട പ്രവർത്തനങ്ങൾ നടത്തിയിരുന്ന സ്ത്രീയെ ലോഡ്ജിൽ കയറ്റാതായതിന്‍റെ  വൈരാഗ്യമാണ് ആരോപണത്തിന് പിന്നിലെന്നാണ്  ലോഡ്ജ് ഉടമയുടെ നിലപാട്. ഇവരുടെത് വ്യാജ ആരോപണമെന്ന് ജസ്നയുടെ പിതാവും പ്രതികരിച്ചു.

2018 മാര്‍ച്ച് 22-നാണ് കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമനിക് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ജസ്‌നയെ മുക്കൂട്ടുതറയില്‍ നിന്നും കാണാതായത്. ബന്ധുവിന്‍റെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയെ പിന്നെ ആരും കണ്ടിട്ടില്ല. ആദ്യം ലോക്കല്‍ പോലീസും പിന്നീട് സിബിഐയും അന്വേഷണം നടത്തിയെങ്കിലും ഇതുവരെയും ജസ്‌നയെ കണ്ടെത്താനായില്ല. ജസ്നയെ കാണാതായി ആറു  വർഷങ്ങള്‍ പിന്നിടുമ്പോഴാണ് ലോഡ്ജില്‍ വെച്ച് കണ്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി സ്ത്രീ എത്തിയിരിക്കുന്നത്.

Comments (0)
Add Comment