തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡിയെ പ്രഖ്യാപിച്ചു. കെ. സി വേണുഗോപാല്‍ എം.പി യാണ് തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡിയെ പ്രഖ്യാപിച്ചത്. ഡൽഹിയിൽ ചേർന്ന കോൺഗ്രസ് നേതൃയോഗത്തിന്‍റെതാണ് തീരുമാനം. സത്യപ്രതിജ്ഞ മറ്റന്നാള്‍. തെലങ്കാനയിലെ കോൺഗ്രസിന്‍റെ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചയാളാണ് രേവന്ത് റെഡ്ഡി
തെലങ്കാനയിൽ ആദ്യമായി കോൺഗ്രസ് അധികാരത്തിലേക്ക് എത്തിയതിൽ രേവന്ത് റെഡ്ഡിയുടെ പങ്ക് ചെറുതല്ല. രണ്ടു വർഷം മുമ്പാണ് അദ്ദേഹം പി.സി.സി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. അന്ന് മുതല്‍ കോണ്‍ഗ്രസ് പാർട്ടിക്ക് കരുത്ത് നല്‍കിയത് രേവന്ത് റെഡ്ഡിയാണ്. തെലങ്കാനയിലുട നീളം അദ്ദേഹം സജീവ സാന്നിധ്യമായി. തെലങ്കാന സംസ്ഥാനം രൂപീകരിച്ചത് മുതല്‍ കെ ചന്ദ്രശേഖർ റാവു എന്ന കെ.സി.ആർ ആയിരുന്നു തെലങ്കാനയെ നയിച്ചത്. എന്നാല്‍ രേവന്ത് റെഡ്ഡി കോണ്‍ഗ്രസ് പാർട്ടിയില്‍ സജീവമായതോടെ കെ ചന്ദ്രശേഖർ റാവുവിനോട് എതിരിടാന്‍ കഴിയുന്ന നേതാവായി രേവന്ത റെഡ്ഡി വളർന്നു. അങ്ങനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ആർ.എസിന്‍റെ ആറ്റവും വലിയ എതിരാളിയായി രേവന്ത് റെഡ്ഡി മാറി. തുടർന്ന് തെരഞ്ഞെടുപ്പില്‍ രേവന്ത് റെഡ്ഡി ബി.ആർ.എസിനെ പരാജയപ്പെടുത്തി തെലങ്കാനയിലെ ഗെയിം ചേഞ്ചറായി മാറി.
തെലങ്കാനയില്‍ മൂന്നാം തവണയും അധികാരത്തിലെത്താമെന്ന് ആഗ്രഹിച്ച കെസിആറിന്‍റെ മോഹങ്ങള്‍ കോണ്‍ഗ്രസ് തല്ലിക്കെടുത്തിയപ്പോള്‍ ശ്രദ്ധേയമാകുന്നത് പിസിസി അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയാണ്. ആറ് വര്‍ഷം മുന്‍പാണ് കോണ്‍ഗ്രസിലെത്തിയതെങ്കിലും വര്‍ക്കിങ് പ്രസിഡന്‍റില്‍ നിന്നും എംപിയും പിസിസി അധ്യക്ഷനും വരെ എത്തിയ പാടവവും അണികളുടെയും ഹൈക്കമാന്‍ഡിന്‍റെയും പിന്തുണയാണ് രേവന്ത് റെഡ്ഡിയുടെ കരുത്ത്. തെലങ്കാനയിലെ കോണ്‍ഗ്രസിന് പുതിയ ഊര്‍ജം പകര്‍ന്നയാളായി രേവന്ത് റെഡ്ഡി. ദക്ഷിണേന്ത്യയില്‍ കാവി പടരില്ലെന്ന് തീരുമാനിച്ച ഒരു ജനതയ്ക്ക് മുന്നിലേക്ക് 54 കാരനായ രേവന്ത് റെഡ്ഡി ഗെയിം ചേഞ്ചറായി എത്തുന്ന കാഴ്ച്ചയാണ് തെലങ്കാനയിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ കാണുന്നത്. കെസിആറിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച രേവന്ത് യുവാക്കളുടെയും പ്രിയങ്കരനാണ്. കെസിആറിനെതിരെ കാമറെഡ്ഡിയില്‍ മാറ്റുരയ്ക്കുക കൂടി ചെയ്തതോടെ വീരപരിവേഷത്തിലേക്ക് ഉയര്‍ന്നിട്ടുമുണ്ട്. കോണ്‍ഗ്രസിന്‍റെ നട്ടെല്ലായ റെഡ്ഡി വിഭാഗത്തില്‍ നിന്ന് വരുന്നുവെന്നത് തന്നെയാണ് രേവന്തിന്‍റെ മറ്റൊരു പ്രത്യേകത.
കെസിആറിന്‍റെ തെലുങ്കു ദേശം പാര്‍ട്ടിയില്‍ രാഷ്ട്രീയം പയറ്റിതെളിഞ്ഞ രേവന്ത് റെഡ്ഡി ചേക്ക് വിട്ട് കോണ്‍ഗ്രസിലെത്തിയത് 2017 ലാണ്. 2021 ല്‍ പാര്‍ട്ടി അധ്യക്ഷപദവിയിലേക്ക് രേവന്ത് റെഡ്ഡി എത്തുമ്പോള്‍ അത് കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കല്‍ കൂടിയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് അധ്യക്ഷന്‍ ഉത്തംകുമാര്‍ റെഡ്ഡി രാജിവെച്ചതോടെയാണ് രേവന്ത് റെഡ്ഡിയുടെ എന്‍ട്രി. പിന്നീട് റെഡ്ഡിയെ ജനം തെരുവിലാണ് കണ്ടത്. ആള്‍കൂട്ടത്തിന് നടുവില്‍ ബിആര്‍എസ് സര്‍ക്കാരിനെതിരെ ഭരണവിരുദ്ധവികാരം ആളികത്തിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം രേവന്ത് റെഡ്ഡി മുന്നിലുണ്ടായിരുന്നു. വലിയ റാലികളെ അഭിസംബോധന ചെയ്യുകയും പാര്‍ട്ടിയുടെ ദേശീയ മുഖങ്ങള്‍ക്കൊപ്പം നിരന്തരം പ്രത്യക്ഷപ്പെടുകയും ചെയ്ത രേവന്ത് റെഡ്ഡി ഒരു ക്രൗഡ് പുള്ളറായി മാറി. ഇന്ന് ബിആര്‍എസിനെ തകര്‍ത്തെറിഞ്ഞ് തെലങ്കാനയിലെ ജനങ്ങളുടെ മനസില്‍ വീരപരിവേഷം ചൂടി നില്‍ക്കുകയാണ് 54 കാരനായ രേവന്ത് റെഡ്ഡി.