സ്വന്തം അഴിമതി കാരണം മുഖ്യമന്ത്രി പിണറായി വിജയന് നരേന്ദ്രമോദിയെ വിമർശിക്കുവാൻ കഴിയുന്നില്ല: രേവന്ത് റെഡ്ഡി

Jaihind Webdesk
Thursday, April 18, 2024

Revanth-Reddy

 

തിരുവനന്തപുരം: ആറ്റിങ്ങൽ മണ്ഡലത്തിലെ തീരദേശ മേഖലയിൽ ആവേശത്തിരയിളക്കി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ റോഡ് ഷോ. സ്വന്തം അഴിമതി കാരണം മുഖ്യമന്ത്രി പിണറായി വിജയന് നരേന്ദ്രമോദിയെ വിമർശിക്കുവാൻ കഴിയുന്നില്ലന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നാടും നഗരവും ഇളക്കിമറിച്ച് ആറ്റിങ്ങലിന്‍റെ തീരദേശ മേഖലയിൽ ആവേശ തിരയിളക്കിയാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും അടൂർ പ്രകാശ് എംപിയും ചേർന്നു നയിച്ച റോഡ് ഷോ മുന്നേറിയത്.

തുമ്പ സെന്‍റ് സേവിയേഴ്സ് കോളേജിനു മുന്നിൽ നിന്നും ആരംഭിച്ച റോഡ് ഷോയിൽ ആയിരങ്ങൾ അണിനിരന്നു. അഞ്ചുതെങ്ങ് വരെ 18ലേറെ കിലോമീറ്റർ നീണ്ട റോഡ് ഷോ കടന്നുപോയ വഴിയിലുടനീളം ആവേശകരമായ വരവേൽപ്പാണ് തെലങ്കാന മുഖ്യമന്ത്രിക്കും അടൂർ പ്രകാശിനും ലഭിച്ചത്. രാഹുൽ ഗാന്ധിയും നരേന്ദ്ര മോദിയും നയിക്കുന്ന രണ്ട് പ്രത്യയശാസ്ത്രങ്ങൾക്കെതിരായ യുദ്ധമാണ് ഈ തിരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു. അതിൽ രാഹുൽഗാന്ധി ജയിക്കുമെന്നും 76 വർഷങ്ങൾക്കുശേഷം കേരളത്തിൽനിന്ന് ആദ്യമായി പ്രധാനമന്ത്രി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആറ്റിങ്ങൽ മണ്ഡലത്തിലെ കല്ലറയിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വന്തം അഴിമതി കാരണം മുഖ്യമന്ത്രി പിണറായി വിജയന് നരേന്ദ്രമോദിയെ വിമർശിക്കുവാൻ കഴിയുന്നില്ലന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തലസ്ഥാനത്തെ തിരക്കിട്ട തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ തെലങ്കാനയുടെ വിജയശില്പി രേവന്ത് റെഡിയ്ക്ക ആവേശകരമായ വരവേൽപ്പാണ് ലഭിച്ചത്.