വികസനം കൊണ്ടുവരുമെന്ന് ഉറപ്പ്; തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡിയുടെ സത്യപ്രതിജ്ഞ ഇന്ന്

Jaihind Webdesk
Thursday, December 7, 2023

Revanth-Reddy

തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി, തെലങ്കാന മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ശക്തമായ അടിത്തറയാണ് രേവന്ത് റെഡ്ഡി നല്‍കിയത്. വെറും 6 വര്‍ഷം മുന്‍പ് പാര്‍ട്ടിയില്‍ ചേര്‍ന്ന 56 കാരനായ റെഡ്ഡിയുടെ ഉയര്‍ച്ച വളരെ വേഗത്തിലായിരുന്നു. തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയായി അനുമുല രേവന്ത് റെഡ്ഡി ചുമതലയേല്‍ക്കുമ്പോള്‍ താഴെത്തട്ടിലുള്ള ഒരു രാഷ്ട്രീയക്കാരന്‍ അണികളില്‍ നിന്ന് ഉയര്‍ന്ന് ഫിനിഷിംഗ് ലൈനിലേക്ക് പോരാടുന്നതിന്‍റെ ഒരു ക്ലാസിക് കഥയാണിത്. എബിവിപിയിലൂടെ ആരംഭിച്ച റെഡ്ഡിയുടെ പൊതുജീവിതം കൗതുകകരമാണ്. ഹൈദരാബാദില്‍ വിദ്യാഭ്യാസം തുടര്‍ന്ന രേവന്ത് റെഡ്ഡി  ഒടുവില്‍ ഒസ്മാനിയ സര്‍വകലാശാലയിലെ എവി കോളേജില്‍ നിന്ന് ബിഎ നേടി.

രേവന്ത് റെഡ്ഡി വികസനം കൊണ്ടുവരുമെന്ന് തെലങ്കാന ഉറപ്പ് പറയുന്നു. കോണ്‍ഗ്രസിന്‍റെ ആറ് തിരഞ്ഞെടുപ്പ് ഉറപ്പുകള്‍ നടപ്പിലാക്കുമ്പോള്‍, കെസിആറിന്‍റെ നേതൃത്വത്തില്‍ ശക്തമായ എതിര്‍പ്പ് രേവന്ത് റെഡ്ഡി നേരിടേണ്ടി വരും. പക്ഷെ രേവന്ത് റെഡ്ഡിക്ക് മാത്രമേ അവ മറികടക്കാനാകൂ.

നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ കൊണ്ടറെഡ്ഡിപ്പള്ളി ഗ്രാമത്തില്‍ 1969 നവംബര്‍ 8-ന് ജനിച്ച റെഡ്ഡി, 2007-ല്‍ ആന്ധ്രാപ്രദേശിലെ തദ്ദേശ സ്വയംഭരണ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് സ്വതന്ത്രനായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ടിഡിപിയില്‍ ചേര്‍ന്ന അദ്ദേഹം പാര്‍ട്ടി മേധാവിയും മുന്‍ മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡുവിന്‍റെ വിശ്വസ്തനായി. 2017 ഒക്ടോബറില്‍ ടിഡിപി വിട്ട അദ്ദേഹം അതേ വര്‍ഷം തന്നെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിആര്‍എസ് സ്ഥാനാര്‍ത്ഥിയോട് രേവന്ത് റെഡ്ഡി പരാജയപ്പെട്ടു. 2019ലെ തിരഞ്ഞെടുപ്പില്‍ മല്‍കാജ്ഗിരിയില്‍ നിന്നാണ് റെഡ്ഡി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസില്‍ ജൂനിയറായിരുന്നിട്ടും 2021ല്‍ അദ്ദേഹത്തെ പിസിസി പ്രസിഡന്‍റായി നിയമിച്ചു. രാഹുല്‍ ഗാന്ധിയുടെയും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്‍റെയും എറ്റവും അടുത്ത് സുഹൃത്താണ് ഫുട്‌ബോള്‍ പ്രേമിയായ റെഡ്ഡി.  ഇന്ന് തെലങ്കാനയുടെ രണ്ടാമത്തെ മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുകയാണ് അനുമുല രേവന്ത് റെഡ്ഡി.