
കായിക മാമാങ്കത്തിനൊരുങ്ങി ഹൈദരാബാദ്. ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുമായി നാളെ നടക്കാനിരിക്കുന്ന സൗഹൃദ മത്സരത്തിന് മുന്നോടിയായി, ആവേശം വര്‍ധിപ്പിച്ച് തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി ജേഴ്സി ധരിച്ച് വോക്സെന്‍ സര്‍വകലാശാലയിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളുമായി പരിശീലന മത്സരം കളിച്ചു. ‘ഗോട്ട് ടൂര്‍ ടു ഇന്ത്യ 2025’ ന്റെ ഭാഗമായി മെസ്സി ഹൈദരാബാദ് സന്ദര്‍ശിക്കുമ്പോള്‍ മുഖ്യമന്ത്രി സൗഹൃദ മത്സരം കളിക്കും. ഉപ്പലിലെ ആര്‍ജിഐ ക്രിക്കറ്റ് സ്റ്റേഡിയമായിരിക്കും പരിപാടിയുടെ വേദി.
മുഖ്യമന്ത്രി മൈതാനത്ത് ഇറങ്ങുന്നത് ഇതാദ്യമല്ല, ഒരു കടുത്ത ഫുട്ബോള്‍ ആരാധകനും ഫുട്ബോള്‍ കളിക്കാരന് കൂടിയായ അദ്ദേഹം നേരത്തെ ഹൈദരാബാദിലെ എംസിആര്എച്ച്ആര്ഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഗ്രൗണ്ടില്‍ ഒരു സന്നാഹ മത്സരം കളിച്ചിരുന്നു. ‘ഫുട്ബോള്‍ തന്റെ പ്രിയപ്പെട്ട കായിക വിനോദമാണ’. ടീം സ്പിരിറ്റ് പ്രകടിപ്പിക്കേണ്ട ഒരു കായിക വിനോദമാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. മുന്‍ ക്രിക്കറ്റ് താരവും സംസ്ഥാന മന്ത്രിയുമായ മുഹമ്മദ് അസറുദ്ദീന് വരാനിരിക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രിയുടെ സജീവ പങ്കാളിത്തത്തെക്കുറിച്ച് സൂചന നല്‍കിയിരുന്നു. ഡിസംബര്‍ 8-ന് നടന്ന തെലങ്കാന റൈസിംഗ് ഗ്ലോബല്‍ ഉച്ചകോടിക്കിടെയാണ് അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയത്.
38,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വേദിയില്‍ പ്രധാന ടിക്കറ്റിംഗ് പ്ലാറ്റ്ഫോമുകള് വഴി ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു കഴിഞ്ഞു. മെസ്സിയുടെ ‘ഗോട്ട് ടൂര്‍ 2025’ ന്റെ ഭാഗമായാണ് മത്സരം നടക്കുക. ‘രേവന്ത് റെഡ്ഡി 9 vs ലയണല്‍ മെസ്സി 10’ തമ്മിലുള്ള മത്സരത്തില്‍ ഇതിഹാസം കളിക്കളത്തില്‍ പ്രത്യക്ഷപ്പെടുന്നത് കാണാന്‍ ഫുട്ബോള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മുഖ്യമന്ത്രി 9 നമ്പര്‍ ജേഴ്സിയും മെസ്സി അദ്ദേഹത്തിന്റെ പ്രശസ്തമായ ജേഴ്സി നമ്പര്‍ 10 ഉം ധരിക്കും. സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നുള്ള തിരഞ്ഞെടുത്ത കളിക്കാര്‍ ‘ആര്‍ആര്‍ 9’ ടീമിന്റെ ഭാഗമാകാന്‍ സാധ്യതയുണ്ട്.