Sabarimala | ശബരിമല സ്വര്‍ണപ്പാളികള്‍ തിരിച്ചെത്തിക്കുന്നത് അസാധ്യം; ഹൈക്കോടതിയെ പുനഃപരിശോധനാ ഹര്‍ജിയുമായി ദേവസ്വം ബോര്‍ഡ്

Jaihind News Bureau
Thursday, September 11, 2025

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വര്‍ണപ്പാളികള്‍ ഇപ്പോള്‍ തിരിച്ചെത്തിക്കാനാവില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. ഹൈക്കോടതി സ്വര്‍ണപ്പാളികള്‍ ഉടന്‍ തിരികെ എത്തിക്കാന്‍ ഉത്തരവിട്ട സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഈ നിലപാട് വ്യക്തമാക്കിയത്. ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി പുനഃപരിശോധനാ ഹര്‍ജി (റിവ്യൂ പെറ്റീഷന്‍) നല്‍കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിലുള്ള ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളികള്‍ക്ക് ഭക്തര്‍ എറിയുന്ന നാണയത്തുട്ടുകള്‍ മൂലം കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും, ഇത് മാറ്റണമെന്ന് രണ്ട് തന്ത്രിമാരും രേഖാമൂലം ആവശ്യപ്പെട്ടിരുന്നുവെന്നും പ്രശാന്ത് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡ് യോഗം ചേര്‍ന്ന് അറ്റകുറ്റപ്പണി നടത്താന്‍ തീരുമാനിച്ചത്. തിരുവാഭരണം കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, എക്സിക്യുട്ടിവ് ഓഫീസര്‍, വിജിലന്‍സ് വിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് എല്ലാ നടപടികളും പൂര്‍ത്തിയാക്കിയത്. കന്നി അഞ്ചിനു മുന്‍പ് തിരികെ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും പ്രസിഡന്റ് പറയുന്നു.

സ്വര്‍ണപ്പാളികള്‍ നിലവില്‍ ചെന്നൈയില്‍ എത്തിച്ച് ഇലക്ട്രോ പ്ലേറ്റിങ് എന്ന രാസപ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. ഈ പ്രക്രിയ സന്നിധാനത്ത് വെച്ച് നടത്താന്‍ കഴിയില്ല. അതിനാല്‍, ഈ ഘട്ടത്തില്‍ പാളികള്‍ തിരികെ കൊണ്ടുവരുന്നത് അസാധ്യമായ കാര്യമാണെന്നും പ്രശാന്ത് അറിയിച്ചു.

ശബരിമല സ്പെഷ്യല്‍ കമ്മിഷണറെയും ഹൈക്കോടതിയെയും അറിയിക്കാതെ സ്വര്‍ണപ്പാളികള്‍ അഴിച്ചെടുത്ത് ചെന്നൈയില്‍ കൊണ്ടുപോയതിനെതിരെ നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാനും കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ദേവസ്വം കമ്മിഷണര്‍, എക്സിക്യുട്ടീവ് ഓഫീസര്‍, തിരുവാഭരണം കമ്മിഷണര്‍ തുടങ്ങിയവരോടായിരുന്നു കോടതിയുടെ നിര്‍ദേശം. അറ്റകുറ്റപ്പണിക്കായി അനുമതിയില്ലാതെ കൊണ്ടുപോകാന്‍ തീരുമാനിച്ചതിന്റെ ഫയലുകളെല്ലാം വെള്ളിയാഴ്ച ഹാജരാക്കണമെന്നും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഹൈക്കോടതിയുടെ അനുമതി തേടണമെന്ന നിര്‍ദേശം പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി സ്വമേധയാ ഇടപെട്ടത്.

കന്നിമാസ പൂജകള്‍ക്കായി എത്തുന്ന ഭക്തന്മാര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിഷേധിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്നും അയ്യപ്പ സംഗമത്തിന്റെ പണപ്പിരിവ് സംബന്ധിച്ചുള്ള കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും പ്രശാന്ത് വ്യക്തമാക്കി