ജനനായകന് കണ്ണീർ പ്രണാമം… വിലാപയാത്ര നാളെ രാവിലെ 7 മണിക്ക് കോട്ടയത്തേക്ക്; കെഎസ്ആർടിസി ബസില്‍ പുതുപ്പള്ളിയിലേക്ക് മടക്കയാത്ര

 

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലേക്കുള്ള അന്ത്യയാത്ര കെഎസ്ആർടിസി ബസിൽ. തിരുവനന്തപുരത്തു നിന്ന് കോട്ടയത്തേക്കുള്ള ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്രയ്ക്കുള്ള വാഹനം കെഎസ്ആർടിസി തയാറാക്കി. തിരുവനന്തപുരം ഡിപ്പോയിലെ JN 336 എ.സി ലോ ഫ്ലോർ ജൻറം ബസാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്.

പൂക്കൾ കൊണ്ട് അലങ്കരിച്ച ബസിൽ ജനറേറ്റർ, മൊബൈൽ മോർച്ചറി വെക്കാക്കാനുള്ള സൗകര്യം, ഇരിപ്പിടം എന്നിവ പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ 7 മണിയോടെ തിരുവനന്തപുരം ജഗതിയിലെ ഉമ്മൻ ചാണ്ടിയുടെ വീടായ പുതുപ്പള്ളി ഹൗസിൽ നിന്നുമാണ് വിലാപയാത്ര ആരംഭിക്കുന്നത്. കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി ബസിന്‍റെ സൗകര്യങ്ങളും മറ്റു ക്രമീകരണങ്ങളും പരിശോധിച്ചു.

കോട്ടയത്ത് തിരുനക്കര മൈതാനത്തെ പൊതുദർശന വേദിയിലേക്കും തുടർന്ന് പുതുപ്പള്ളിയിലെ വീട്ടിലേക്കും ഭൗതികശരീരം എത്തിക്കും. നാളത്തെ പൊതുദർശനത്തിന് ശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ പുതുപ്പള്ളി പള്ളിയില്‍ സംസ്കാര ശുശ്രൂഷകള്‍ നടക്കും.

 

Comments (0)
Add Comment