പിന്‍വാതില്‍ തുറന്നിട്ട് സർക്കാർ; വിരമിച്ച സിപിഎം അനുഭാവിയായ ഉദ്യോഗസ്ഥന് ഉന്നതപദവിയില്‍ പുനർനിയമനം

Jaihind News Bureau
Saturday, August 1, 2020

തിരുവനന്തപുരം: വിരമിച്ച ഇടത് അനുഭാവിയായ ഉദ്യോഗസ്ഥന് പുനർനിയമനം നൽകി പിണറായി സർക്കാർ. കെഎസ്ഇബിയിൽ നിന്ന് വിരമിച്ച ഡെപ്യൂട്ടി എഞ്ചിനീയർക്ക് കിനസ്കോയിൽ സിഇഒ ആയി പുനർനിയമനം നൽകുകയായിരുന്നു. വിരമിച്ച  ഉദ്യോഗസ്ഥർക്ക് പുനർനിയമനം നൽകുന്നതിൽ വ്യാപക പ്രതിഷേധം ഉയരുന്ന ഘട്ടത്തിലാണ് വീണ്ടും പിണറായി സർക്കാരിന്‍റെ  പുനർനിയമന വാർത്തകൾ പുറത്തു വരുന്നത്.

കെഎസ്ഇബിയിൽ നിന്ന് വിരമിച്ച ഡെപ്യൂട്ടി എഞ്ചിനീയർ റ്റി.എം. അജിത്ത് കുമാറിനെയാണ്  കിനസ്കോയുടെ സിഇഒ ആയി നിയമിച്ചത്. കിൻഫ്രയുടെ സബ്സിടറി കമ്പനിയാണ് കിനസ്കോ പവർ ആൻഡ് യൂട്ടിലിറ്റി. വ്യവസായ വകുപ്പ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനിഷാണ് നിയമനം സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കഴിഞ്ഞ 28നാണ് ഉത്തരവ് പുറത്ത് ഇറങ്ങിയത്.

കരാർ നിയമനത്തിന്‍റെ  മറവിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന നിലപാടാണ് ഇവിടെയും സർക്കാർ സ്വീകരിച്ചത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരഭമായ കിനസ്കോയില്‍ സിഇഒയെ നിയമിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനാണ്. ഇതിന്‍റെ  മറവിലാണ് ഇത്തരത്തിൽ ഒരു നിയമനം നടന്നത്. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ റ്റി എം അജിത്ത് കുമാർ സിപിഎം സർവീസ് സംഘടനയായ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ നേതാവായിരുന്നു. സംസ്ഥാനത്ത് അഭ്യസ്ത വിദ്യരായ നിരവധി യുവാക്കൾ തൊഴിലിനായി പി.എസ്.സിക്ക് മുന്നിൽ കാത്തുനിൽക്കുമ്പോഴാണ് ഇത്തരത്തിൽ ഇഷ്ടക്കാരെ കുത്തി നിറച്ചുകൊണ്ടുള്ള സർക്കാരിന്‍റെ പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടക്കുന്നത്.