പണിമുടക്കിയവർക്ക് പണി കിട്ടി; കെഎസ്ആര്‍ടിസിയില്‍ പ്രതികാര നടപടി

Jaihind News Bureau
Saturday, February 22, 2025

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പണിമുടക്കിയവര്‍ക്കെതിരെ പ്രതികാര നടപടി എടുക്കാന്‍ മാനേജ്‌മെന്‍റ്. ഡയസ്‌നോണിന് പുറമേ ഇവര്‍ക്കെതിരെ ചില നടപടികള്‍ കൂടി സ്വീകരിക്കുവാനാണ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഇവരുടെ ഫെബ്രുവരി മാസത്തെ ശമ്പളം വൈകിപ്പിക്കുവാന്‍ മാനേജ്‌മെന്റ് നീക്കം ആരംഭിച്ചു.

ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്കിയവര്‍ക്കാണ് ഇപ്പോള്‍ പണി കിട്ടിയിരിക്കുന്നത്. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചില്ല എന്ന് മാത്രമല്ല, അവകാശങ്ങള്‍ക്കു വേണ്ടി പൊരുതിയവര്‍ക്കു നേരെ നടപടി എടുക്കുന്ന തരത്തിലേക്കാണ് സര്‍ക്കാരും മാനേജ്‌മെന്റും കടന്നിരിക്കുന്നത്. പണിമുടക്കിയവരുടെ ശമ്പള ബില്‍ പ്രത്യേകം നല്‍കുവാന്‍ ചീഫ് അക്കൗണ്ട് ഓഫീസര്‍ നിര്‍ദേശവും നല്‍കി. സ്പാര്‍ക്ക് സെല്‍ വഴി അനുമതി ലഭിച്ച ശേഷം ബില്ലുകള്‍ നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. യൂണിറ്റ് മേധാവികള്‍ക്കാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കെ.എസ്.ആര്‍.ടി.സി യില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫിന്റെ പണിമുടക്ക് ഫെബ്രുവരി മാസം നാലാം തീയതി ആയിരുന്നു. ഫെബ്രുവരി മൂന്ന് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ 24 മണിക്കൂറാണ് പണിമുടക്ക് നടത്തിയത്. കെ.എസ്.ആര്‍.ടി.സി എം.ഡി പ്രമോജ് ശങ്കര്‍ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ സമരവുമായി മുന്നോട്ടുപോകാന്‍ ജീവനക്കാര്‍ തീരുമാനിക്കുകയായിരുന്നു. 12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. എല്ലാ മാസവും ഒന്നാം തീയ്യതി ശമ്പളം വിതരണം ചെയ്യണമെന്നതായിരുന്നു പ്രധാന ആവശ്യം. ഡി.എ കുടിശ്ശിക പൂര്‍ണമായും അനുവദിക്കുക, ശമ്പള പരിഷ്‌കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക, ഡ്രൈവര്‍മാരുടെ സ്പെഷ്യല്‍ അലവന്‍സ് കൃത്യമായി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചിരുന്നു.