
ഡോ. ജയതിലകിനെതിരെയും സര്‍ക്കാരിനെതിരെയും വീണ്ടും ആഞ്ഞടിച്ച് എന്‍ പ്രശാന്ത്. ഡോ. ജയതിലകിനെതിരായ പരാതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങളുമായി പങ്കുവെച്ചതിനെ തുടര്‍ന്ന് തനിക്കെതിരെ ഡിസിപ്ലിനറി നടപടിക്ക് നീക്കം നടന്നുവെന്ന് അദ്ദേഹം ഫെസ്ബുക്കില്‍ കുറിച്ചു. റിട്ട. സ്‌കൂള്‍ അധ്യാപകനായ അനില്‍ ബോസ് കാഞ്ഞിരപ്പള്ളി നല്‍കിയതില്‍, ജയതിലക് വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതിനെയും ബിനാമി ഇടപാടുകളെയും കുറിച്ചുള്ള വിശദമായ പരാതി പുറത്തുകൊണ്ടുവരികയും, തുടര്‍ന്ന് അഖിലേന്ത്യാ സര്‍വീസ് ചട്ടം റൂള്‍ 7 പ്രകാരം നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഗുരുതരമായ ഈ ചട്ടലംഘനങ്ങളില്‍ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച തന്നെ ഞെട്ടിച്ചുകൊണ്ട്, പരാതി നല്‍കിയതില്‍ പ്രകോപിതനായി ഡോ. ജയതിലക് തനിക്കെതിരെ പുതിയ ഡിസിപ്ലിനറി നടപടി ആരംഭിച്ച വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞെന്നും അതിന്റെ രേഖകള്‍ ഇന്ന് കയ്യില്‍ കിട്ടിയെന്നും പ്രശാന്ത് എന്‍. കുറിപ്പില്‍ പറയുന്നു.
ഡോ. ജയതിലക് ധനകാര്യ വകുപ്പ് സെക്രട്ടറി ആയിരിക്കെ ഉള്‍പ്പെട്ട അഴിമതി സംബന്ധിച്ച് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (CAG) കത്തയച്ചതും, അതിന് മറുപടി നല്‍കാതെ നിയമലംഘനം നടത്തിയതും താന്‍ രേഖകള്‍ സഹിതം പങ്കുവെച്ചത് ‘വകുപ്പുകള്‍ക്ക് മാനഹാനി’ ഉണ്ടാക്കി എന്ന കാരണം പറഞ്ഞാണ് ഈ പുതിയ നടപടി ആരംഭിച്ചിരിക്കുന്നത്. CAG Act, 1971 ലെ സെക്ഷനുകള്‍ ഉദ്ധരിച്ചുകൊണ്ട് സംസാരിച്ച പ്രശാന്ത് എന്‍., ഭരണഘടനാ സ്ഥാപനമായ സി.എ.ജി.യുടെ ഓഡിറ്റിങ്ങിനോട് നിസ്സഹകരിക്കുന്നത് സര്‍ക്കാര്‍ തീരുമാനമാണെങ്കില്‍, അഴിമതി എന്നത് സര്‍ക്കാര്‍ നയമാണെങ്കില്‍, സി.എ.ജി. നിയമം ലംഘിക്കാന്‍ അനുവാദമുണ്ടെങ്കില്‍ ഈ നടപടിയെ അംഗീകരിക്കാമെന്ന് പരിഹസിച്ചു.
സര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രശാന്ത് എന്‍. ഉന്നയിച്ചത്. കൈക്കൂലി വാങ്ങുന്ന ട്രാഫിക് പോലീസുകാരനോ വില്ലേജ് അസിസ്റ്റന്റിനോ ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ഡോ. ജയതിലകിനുള്ളതെന്നും, അഴിമതി പിടിക്കപ്പെട്ടാല്‍ തങ്ങളെക്കുറിച്ച് മിണ്ടരുതെന്ന് അവര്‍ ആരും വിരട്ടാറില്ലല്ലോയെന്നും അദ്ദേഹം ചോദിക്കുന്നു. ‘I am the state’ എന്ന തോന്നല്‍ വെച്ച് ഡോ. ജയതിലക് നടത്തുന്ന ഈ നടപടി കുറ്റകരമായ അധികാര ദുര്‍വിനിയോഗമാണെന്നും, അദ്ദേഹത്തിന്റെ നിയമ ലംഘനങ്ങളെക്കുറിച്ച് സംസാരിക്കാന്‍ കഴിയാത്ത അടിയന്തരാവസ്ഥ കേരളത്തില്‍ ഉണ്ടോ എന്നും അദ്ദേഹം ചോദ്യം ചെയ്യുന്നു. സ്വയം സര്‍ക്കാര്‍ ആണെന്ന തോന്നല്‍ ചിലര്‍ക്ക് ചില കാലത്ത് തോന്നുന്ന ഭ്രമമാണെന്നും, ഈ മാനസികാവസ്ഥയിലൂടെ കടന്നുപോയ വലിയ ഏകാധിപതികളും രാജാക്കന്മാരും ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണ് ചളുങ്ങിക്കിടക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് എന്‍. പ്രശാന്ത് കുറിപ്പ് അവസാനിപ്പിക്കുന്നത്.