വർക്കലയിലെ കൊറോണ സ്ഥീരികരിച്ച ഇറ്റാലിയൻ പൗരനുമായി സമ്പർക്കം പുലർത്തിയ 30 പേരുടെ രക്തസാമ്പിളുകളുടെ പരിശോധന ഫലം ഇന്നറിയും. ഇറ്റാലിയിൻ സ്വദേശി 103 പേരുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെന്നും ഇതിൽ 30 പേരുടെ സാമ്പിൾ ശേഖരിച്ചതായും ആണ് അധികൃതർ വ്യക്തമാക്കിയത്.
ഇറ്റാലിയൻ സ്വദേശിയുടെ റൂട്ട് മാപ്പും സമ്പർക്കപ്പട്ടികയും ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഈ ഇറ്റാലിയൻ സ്വദേശിക്ക് ഭാഷ അറിയാത്തതിനാൽ ഏറെ പണിപ്പെട്ടാണ് റൂട്ട് മാപ്പ് തയ്യാറാക്കിയത്. ദ്വിഭാഷിയെ കൊണ്ടുവന്ന് എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ച് സംസാരിച്ചാണ് ജില്ലാ ഭരണകൂടം പല തവണകളിലായി റൂട്ട് മാപ്പ് തയ്യാറാക്കിയതും പുറത്തുവിട്ടതും. ആദ്യം വ്യക്തമല്ലാതിരുന്ന പല ഇടങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഘട്ടംഘട്ടമായാണ് ശേഖരിച്ചത്.
അതേസമയം, ഈ ഇറ്റാലിയൻ പൗരൻ ആറ്റുകാൽ പൊങ്കാലക്കു എത്തിയിരുവെന്ന പ്രചരണം തെറ്റെന്ന് പൊലീസ് പറയുന്നത്. പൊങ്കാലക്കെത്തിയ വിദേശി മറ്റൊരാളാണെന്ന് പൊലീസ് പറയുന്നു. ജനുവരി മാസത്തിൽ ഇന്ത്യയിലെത്തിയ മറ്റൊരു ഇറ്റാലിയൻ പൗരനാണ് ഇത്. ഇദ്ദേഹത്തെ നിരീക്ഷണത്തിൽ വിടുകയും വിശദമായ പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. ഇയാൾക്ക് പരിശോധനയിൽ രോഗമില്ലെന്ന് സ്ഥിരീകരിച്ചതായും പൊലീസ് വ്യക്തമാക്കുന്നു. പക്ഷേ, ഇറ്റാലിയൻ സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ച ശേഷം വർക്കലയിൽ സ്ഥിതി ഗൗരവതരമാണെന്ന് തന്നെയാണ് തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ.