യുഡിഎഫ് എംപിമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കാനുള്ള നടപടി സ്വീകരിക്കാമെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് അമിത് ഷാ ഉറപ്പ് നല്‍കി. കന്യാസ്ത്രീകളുടെ ജാമ്യത്തെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നും അദ്ദേഹം വാക്ക് നല്‍കി്. അതേസമയം, സെഷന്‍സ് കോടതി വിധിക്കെതിരെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കും. കന്യാസ്ത്രീകളുടെ ജാമ്യത്തിനുള്ള എല്ലാ നടപടികളും ഛത്തീസ്ഗഡ് സര്‍ക്കാരും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോടാണ് യുഡിഎഫ് എംപി എന്‍.കെ പ്രേമചന്ദ്രന്‍ അടക്കമുള്ള എംപിമാര്‍ പ്രതികരിച്ചത്. ജാമ്യ അപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നും ഇന്ന് തന്നെ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. അനുഭാവപൂര്‍വമായ നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ജാമ്യം ലഭിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി സൂചന നല്‍കിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സെഷന്‍സ് ജഡ്ജ് ചെയ്തത് നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ലമെന്റിന് അകത്തു പുറത്തും ശക്തമായി യുഡിഎഫ് പ്രതിഷേധിച്ചുവെന്നും അതിന്റെ തത്ഭലമാണ് കണ്ടതെന്നും പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.