തൃശൂരില്‍ കടുത്ത നിയന്ത്രണങ്ങൾ തുടരും ; പിന്‍വലിക്കുന്നതില്‍ തീരുമാനം ഇന്ന്

Jaihind Webdesk
Saturday, May 22, 2021

തൃശൂർ : ജില്ലയെ ട്രിപ്പിൾ ലോക്ഡൗണിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ തലത്തിൽ തീരുമാനിച്ചെങ്കിലും കടുത്ത നിയന്ത്രണങ്ങൾ ഇന്ന് കൂടി തുടരും. നിയന്ത്രണങ്ങൾ നീക്കുന്ന കാര്യത്തിൽ ഇന്ന് ഉന്നതതല യോഗം ചേർന്ന് തീരുമാനം എടുക്കും.

ഞായറാഴ്ചകളിൽ കൂടുതൽ നിയന്ത്രണം എന്ന സർക്കാർ നിർദേശം നിലനിൽക്കുന്നതിനാൽ നാളെയും ട്രിപ്പിൾ ലോക്ഡൗൺ തുടരാനാണ് സാധ്യത. ജില്ലയിലെ കൊവിഡ് വ്യാപനത്തിൽ കുറവ് വന്നെങ്കിലും നിയന്ത്രണങ്ങളിൽ കാര്യമായ ഇളവ് ഉണ്ടാകില്ല. അവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാൻ അനുമതി ലഭിക്കുമെങ്കിലും സത്യവാങ്മൂലം കയ്യിൽ കരുതണം. മരണം ചികിത്സ എന്നീ അടിയന്തര ആവശ്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന തരത്തിലുള്ള കടുത്ത നിയന്ത്രണം പിൻവലിക്കും.

പഴം, പച്ചക്കറി, പലചരക്ക് വ്യാപാര സ്ഥാപനങ്ങൾക്ക് എല്ലാ ദിവസവും പ്രവർത്തിക്കാനാകും. എന്നാൽ സമയ നിയന്ത്രണം തുടരും. ജില്ലക്ക് അകത്തെ യാത്ര സംബന്ധിച്ച കാര്യത്തിൽ ഇന്നത്തെ ഉന്നത തല യോഗം തീരുമാനം എടുക്കും. അതേ സമയം ജില്ലയിൽ വീടുകളിൽ കഴിയുന്ന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ അനുദിനം വലിയ കുറവുണ്ടാകുന്നു. ലക്ഷണം ഇല്ലാത്തവരെ 3 ദിവസം കൊണ്ട് പോസിറ്റീവ് പട്ടികയിൽ നിന്ന് നീക്കം ചെയ്യണം എന്ന പുതിയ നിർദേശത്തെ തുടർന്നാണിത്. എന്നാൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ കുറവ് ഉണ്ടാകുന്നില്ല. ജില്ലയിലെ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.43 ശതമാനമാണ്.