കോവിഡ് പശ്ചാത്തലത്തിൽ ഗുരുവായൂരിലും ശബരിമലയിലും ഭക്തർക്ക് കൂടുതൽ നിയന്ത്രണങ്ങൾ. ഇനി ഗുരുവായൂർ ക്ഷേത്രത്തിൽ മുതൽ ചോറൂണ്, വിവാഹം , ഉദയാസ്തമന പൂജ എന്നിവ ഉണ്ടാകില്ല. ശബരിമലയിലും ഭക്തർക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 29ന് ആരംഭിക്കുന്ന തിരുവുത്സവത്തിന് ആചാരപരമായ ചടങ്ങുകൾ മാത്രമേ ഉണ്ടാവുകയുള്ളു.
കോവിഡ് 19 പ്രതിരോധത്തിന്‍റെ പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ ഭക്തരെ പ്രവേശിപ്പിക്കില്ല. എന്നാൽ ക്ഷേത്രത്തിലെ പതിവു പൂജകളും മറ്റ് ചടങ്ങുകളും നടക്കുന്നതാണ്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ഷേത്രത്തിൽ വിവാഹം, ചോറൂണ്, കൃഷ്ണനാട്ടം, വാഹനപൂജ, ഉദയാസ്തമന പൂജ, ചുറ്റുവിളക്ക് എന്നിവയും ഉണ്ടാവില്ലയെന്നും ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ വ്യക്തമാക്കി. ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ ആഴ്ച മുതൽ ഭക്തർക്ക് നിയന്ത്രണം ഉണ്ടായിരുന്നു. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഉത്സവം വെട്ടിച്ചുരുക്കി ചടങ്ങുകൾ മാത്രമാണ് നടത്തിയത്.
അതേ സമയം ശബരിമല തിരുവുത്സവം ഈ മാസം 29ന് കൊടിയേറ്റോട് കൂടി ആരംഭിക്കുകയാണ്. 28ന് ശബരിമല നടതുറക്കും, എന്നാൽ കോവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ഇത്തവണത്തെ തിരുവുത്സവത്തിന് ആചാരപരമായ ചടങ്ങുകൾ മാത്രമേ ഉണ്ടാവുകയുള്ളു. തിരുവുത്സവത്തിനും ഏനപ്രിൽ 8നു പമ്പ തീരത്ത് നടക്കുന്ന ആറാട്ട് ചടങ്ങിലും ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
എല്ലാ ഭക്ത ജനങ്ങളോടും സഹകരിക്കുവാൻ അഭ്യർത്ഥിക്കുന്നു എന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.