രാജ്യത്തെ ഒടിടി, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നിയന്ത്രണങ്ങള്‍ ; സെന്‍സർ സർട്ടിഫിക്കറ്റ് നിർബന്ധം

ന്യൂഡല്‍ഹി : രാജ്യത്തെ ഒ.ടിടി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദും പ്രകാശ് ജാവേദേക്കറും ചേര്‍ന്നാണ് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്.

ഒ.ടി.ടിക്ക് നിര്‍ബന്ധിത റജിസ്ട്രേഷനില്ല. എന്നാല്‍ പ്രസാധകരുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കണം. പരാതി പരിഹാരത്തിന് സംവിധാനം വേണം. സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയും റിട്ടയേര്‍ഡ് ജഡ്ജിമാരോ സമാന നിലയില്‍ പ്രാഗല്‍ഭ്യം സ്വീകാര്യതയും ഉളളവര്‍ നേതൃത്വം നല്‍കുന്ന സമിതിയാണ് വേണ്ടത്. അത്യാവശ്യഘട്ടത്തില്‍ ഇടപെടലിന് സര്‍ക്കാര്‍ സംവിധാനം ഉണ്ടാകും.

വീഡിയോകളുടെ സ്വഭാവം അനുസരിച്ച് A, AU, U സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണം. കുട്ടികള്‍ കാണാന്‍‌ പാടില്ലാത്ത വിഡിയോകള്‍ക്ക് പ്രത്യേക നിയന്ത്രണം വേണം. ‍ഡിജിറ്റല്‍ വാര്‍ത്താമാധ്യമങ്ങള്‍ പ്രസ് കൗണ്‍സില്‍ ചട്ടങ്ങള്‍ പാലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.

സർക്കാർ പുറത്തിറക്കിയ പ്രധാന മാർഗ നിർദേശങ്ങൾ

ഇന്ത്യയുടെ പരമാധികാരത്തെയും സമഗ്രതയെയും ബാധിക്കുന്ന ഉള്ളടക്കം, രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് ഭീഷണിയാവുന്നതോ അപകടമുണ്ടാക്കുന്നതോ ആയ ഉള്ളടക്കം, വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദ ബന്ധത്തിന് ഹാനികരമായ ഉള്ളടക്കങ്ങള്‍ പ്രക്ഷേപണം ചെയ്യാനോ, പ്രസിദ്ധീകരിക്കാനോ, പ്രദര്‍ശിപ്പിക്കാനോ പാടില്ല.

ഇന്ത്യയിലെ വൈവിധ്യങ്ങളായ വംശം, മത പശ്ചാത്തലം, ആചാരാനുഷ്ടാനങ്ങള്‍ പോലുള്ളവ പരിഗണിക്കുകയും അതില്‍ ജാഗ്രത പുലര്‍ത്തുകയും വേണം.

ഈ പ്ലാറ്റ്‌ഫോമുകളുടെയെല്ലാം ദുരുപയോഗം സംബന്ധിച്ച് ഏറെ കാലമായി പരാതികള്‍ ഉയരുന്നുണ്ട്. അവ സമയ ബന്ധിതമായി പരിഹരിക്കുന്നതിന് പരാതിപരിഹാര സംവിധാനം തയ്യാറാക്കണം. അതിന് ഉത്തരാവാദിതപ്പെടുത്തിയ ആള്‍ ആരാണെന്ന് വ്യക്തമാക്കണം. പരാതി ലഭിച്ച് 15 ദിവസത്തിനകം പരിഹരിക്കണം.

വ്യക്തികളുടെ സ്വകാര്യ ഭാഗങ്ങള്‍, നഗ്നത, ലൈംഗികപ്രവൃത്തികള്‍, മോര്‍ഫിങ് തുടങ്ങി ഉപയോക്താക്കളുടെ പ്രത്യേകിച്ചും സ്ത്രീകളുടെ അന്തഃസിനെ ബാധിക്കുന്ന ഉള്ളടക്കങ്ങളെ കുറിച്ചുള്ള പരാതികള്‍ ലഭിച്ചാല്‍ അത്തരം ഉള്ളടക്കങ്ങള്‍ 24 മണിക്കൂറിനകം നീക്കം ചെയ്തിരിക്കണം.

ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാന്‍ ത്രിതല സംവിധാനമുണ്ടാവും. ഒടിടി പ്ലാറ്റ്‌ഫോമുകളും ഡിജിറ്റല്‍ വാര്‍ത്താ മാധ്യമങ്ങളും അവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തണം. എന്നാല്‍ അവയ്ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നില്ല, വിവരങ്ങളാണ് ആവശ്യപ്പെടുന്നത്.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും ഒടിടി സേവനങ്ങളിലും പരാതിപരിഹാര സംവിധാനം വേണം. സുപ്രീം കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ഒരു ജഡ്ജിയുടെയോ അവര്‍ക്ക് തുല്യരായ വളരെ പ്രഗത്ഭനായ വ്യക്തിയുടെയോ നേതൃത്വത്തില്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് ഒരു സ്വയം നിയന്ത്രണ സംവിധാനം വേണം.

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ 13+, 16+, A കാറ്റഗറികള്‍ സ്വയം വേര്‍തിരിക്കണം. രക്ഷിതാക്കളുടെ നിയന്ത്രണത്തിനും, കുട്ടികള്‍ മറ്റ് കാറ്റഗറികൾ കാണുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും സംവിധാനം വേണം.

16 വയസുവരെയുള്ളവരിലേക്ക് നഗ്നത കാണിക്കുന്ന ഉള്ളടക്കങ്ങള്‍ കാണിക്കാന്‍ പാടില്ല.

നഗ്നതയും ലൈംഗികതയും ഉള്ള പശ്ചാത്തലമാണെങ്കില്‍ അതിനെ A വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം.

സര്‍ക്കാരിന്റെ നിയമങ്ങള്‍ക്ക് അനുസരിച്ച് പ്ലാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തിക്കണം, നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ സമയബന്ധിതമായി നീക്കണം.

കോടതിയോ, സര്‍ക്കാര്‍ അതോറിറ്റിയോ ആവശ്യപ്പെടുന്ന പക്ഷം ദോഷകരമായ ട്വീറ്റുകളും സന്ദേശങ്ങളും ആദ്യം അയച്ചതാരാണെന്ന് വെളിപ്പെടുത്തണം.

Comments (0)
Add Comment