‘ബാങ്ക്’ എന്ന പേരിന് നിയന്ത്രണം; നടപടി സഹകരണ ബാങ്കിങ് മേഖലയെ പ്രതിസന്ധിയിലാക്കും : കൊടിക്കുന്നിൽ സുരേഷ് എംപി

Jaihind News Bureau
Saturday, July 4, 2020

കേന്ദ്ര ബാങ്കിങ് റഗുലേഷൻ നിയമ ഭേദഗതി ഓർഡിനൻസ് പ്രകാരം പ്രാഥമിക സഹകരണ ബാങ്കുകൾ “ബാങ്ക്” എന്ന സംജ്ഞ ഉപയോഗിക്കുന്നത് തടഞ്ഞത് കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് കോൺഗ്രസ് ഐ ലോക്‌സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപി.

കേരളത്തിലെ ആയിരത്തി അഞ്ഞൂറോളം പ്രാഥമിക സഹകരണ ബാങ്കുകളെ പ്രതികൂലമായി ബാധിക്കുന്ന ഈ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധന മന്ത്രി നിർമല സീതാരാമന് കൊടിക്കുന്നിൽ സുരേഷ് എംപി കത്തു നൽകുകയുണ്ടായി.

കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരും , പാവപ്പെട്ടവരും സാമ്പ്രദായിക ബാങ്കിങ് രീതികളുടെ അവഗണനയേറ്റുവാങ്ങുന്നവരും, ദരിദ്രരും, കർഷകത്തൊഴിലാളികളുമുൾപ്പെടെ അനവധിപ്പേരാണ് അവരുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങൾക്ക് പ്രാഥമിക സഹകരണ ബാങ്കിങ് സ്ഥാപനങ്ങളെ ആശ്രയിക്കുന്നത്, അതിനു കാരണം പൊതുമേഖലാ ബാങ്കിങ് സംവിധാനങ്ങൾ ഇന്നും പാവപ്പെട്ടവർക്കും കർഷകർക്കും നേരെ സ്വീകരിക്കുന്ന നിഷേധാത്മക സമീപനമാണ് എന്നും കൊടിക്കുന്നിൽ സുരേഷ് എം പി കൂട്ടിച്ചേർത്തു.

സംസ്ഥാനങ്ങളോട് മതിയായ കൂടിയാലോചനകൾ നടത്താതെ സഹകരണ ബാങ്കുകൾ അടക്കമുള്ള സഹകരണമേഖലയുടെ മേൽനോട്ടധികാരം റദ്ദാക്കുന്ന ഈ നടപടി ഫെഡറൽ തത്വങ്ങൾക്കെതിരാണെന്നും , ഇത് സഹകരണമേഖലയുടെ ഉദ്യേശലക്ഷ്യങ്ങളെ ഇല്ലാതാക്കുന്നതുമാണെന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.

കോവിഡ് മഹാമാരിയിൽ ജനങ്ങൾ സാമ്പത്തികമായി തകർന്നിരിക്കുമ്പോഴും അവരിൽ ബഹുഭൂപരിപക്ഷവും സഹായത്തിനായി ആശ്രയിക്കുന്ന പ്രാഥമിക സഹകരണ ബാങ്കിങ് സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്ന നടപടികൾ ഉണ്ടാകുന്നത് കേന്ദ്ര സർക്കാർ ദരിദ്രരോടു വെച്ചുപുലർത്തുന്ന അവഗണയുടെ ഏറ്റവും പ്രത്യക്ഷ ഉദാഹരണമാണെന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.