ഒമിക്രോണ്‍ : അന്താരാഷ്ട്ര യാത്രികർക്ക് ഇന്നുമുതല്‍ കർശന നിയന്ത്രണങ്ങളുമായി കേന്ദ്രം

Jaihind Webdesk
Wednesday, December 1, 2021


ന്യൂഡല്‍ഹി :  ‘ഒമിക്രോണ്‍’ വകഭേദം വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്‍റെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നടത്തിയ ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്കുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചത്.

വിദേശരാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തുന്നവര്‍ യാത്രപുറപ്പെടുന്നതിന് 14 ദിവസം മുമ്പുവരെ നടത്തിയ സഞ്ചാരത്തിന്‍റെ ചരിത്രം വ്യക്തമാക്കണം. എയര്‍ സുവിധ പോര്‍ട്ടലില്‍ കയറി സ്വയം സാക്ഷ്യപത്രം നല്‍കുകയാണ് വേണ്ടത്. കൂടാതെ, ആര്‍ടിപിസിആര്‍. പരിശോധന നടത്തി ഫലം നെഗറ്റീവായതിന്‍റെ രേഖകളും ഈ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്.

‘അറ്റ് റിസ്‌ക് ‘ വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കു വരുന്നവര്‍ക്ക് പരിശോധനയും പ്രത്യേക നിരീക്ഷണവുമുണ്ട്. ഇന്ത്യയില്‍ വിമാനമിറങ്ങിയശേഷം ഇവര്‍ കൊവിഡ് പരിശോധനയ്ക്കു വിധേയരാകണം. ഇതിന്‍റെ ഫലം വരുംവരെ വിമാനത്താവളം വിടാനോ അടുത്തവിമാനം കയറാനോ പാടില്ല.

പരിശോധനാഫലം പോസിറ്റീവാണെങ്കില്‍ ആശുപത്രികളിലേക്ക് മാറ്റും. ഇവരുടെ സാമ്പിളുകള്‍ ജീനോം സിക്വന്‍സിങ്ങിനായി അയക്കും. നെഗറ്റീവാണെങ്കില്‍ ഏഴുദിവസം വീട്ടില്‍ ക്വാറന്റീനില്‍ കഴിയണം. എട്ടാംദിവസം വീണ്ടും കോവിഡ് പരിശോധിക്കണം. അതും നെഗറ്റീവാണെങ്കില്‍ വീണ്ടും ഏഴുദിവസംകൂടി സ്വയം നിരീക്ഷണത്തില്‍ കഴിയണം. ‘അറ്റ് റിസ്‌ക്’ രാജ്യങ്ങള്‍ അല്ലാത്തവയില്‍നിന്നു വരുന്നവരെ ഇതില്‍നിന്ന് ഒഴിവാക്കും. ഇവര്‍ 14 ദിവസം വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍മതി.

വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ പൊതുവായി നിബന്ധനയും പരിശോധനയും ഏര്‍പ്പെടുത്തിയെങ്കിലും ‘അറ്റ് റിസ്‌ക് ‘ വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്നവരുടെ കാര്യത്തിലാണ് അതിജാഗ്രത പുലര്‍ത്തുക. യൂറോപ്യന്‍ യൂണിയന്‍, ബോട്സ്വാന, ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബ്രസീല്‍, ചൈന, മൗറീഷ്യസ്, ന്യൂസീലന്‍ഡ്, സിംബാംബ്വെ, സിങ്കപ്പൂര്‍, ഇസ്രയേല്‍, ഇംഗ്ലണ്ട് തുടങ്ങിയവയാണ് അതിജാഗ്രതാ പട്ടികയിലുള്ളത്. ബംഗ്ലാദേശ് നേരത്തെ പട്ടികയിലുണ്ടായിരുന്നുവെങ്കിലും പിന്നീട് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി.