നവകേരള സദസില്‍ പങ്കെടുക്കാത്തവർക്ക് ‘പണി’, പങ്കെടുത്തവർക്ക് ശമ്പളത്തോടെ വിശ്രമം; തൊഴിലുറപ്പ് മേറ്റിന്‍റെ നടപടി വിവാദത്തില്‍

Jaihind Webdesk
Monday, December 18, 2023

 

ആലപ്പുഴ: നവകേരള സദസിൽ പങ്കെടുത്തവർക്ക് പ്രത്യേക പരിഗണന നല്‍കിയ തൊഴിലുറപ്പ് മേറ്റിന്‍റെ നടപടി വിവാദത്തില്‍. പ്രവൃത്തി ദിനത്തില്‍ വിശ്രമവും കൂലിയും അനുവദിച്ചായിരുന്നു മേറ്റിന്‍റെ നവകേരള അനുഭാവം.  സ്ത്രീ തൊഴിലാളികൾ തൊഴിലുറപ്പ് ജോലിക്ക് എത്തിയപ്പോൾ നവകേരള സദസിൽ പങ്കെടുത്തവർ മടങ്ങിപ്പൊയ്ക്കൊള്ളാനും മറ്റുള്ളവർ ജോലി ചെയ്യണമെന്നും നിർദേശിച്ചതായാണ് പരാതി.

അമ്പലപ്പുഴ വടക്ക് ഏഴാം വാർഡിൽ ഇന്നലെ രാവിലെയാണ് സംഭവം. പ‍ഞ്ചായത്തിലെ കറിവേപ്പ് കൃഷിയുമായി ബന്ധപ്പെട്ട ജോലിക്ക് തൊഴിലാളികള്‍ എത്തിയപ്പോഴാണ് തൊഴില്‍ മേറ്റ് പ്രത്യേക നിർദേശം നല്‍കിയത്.  ജോലിക്കായി എത്തിയ 35 തൊഴിലാളികളില്‍ 12 പേർ പുന്നപ്ര കപ്പക്കടയിൽ നടന്ന അമ്പലപ്പുഴ മണ്ഡലത്തിന്‍റെ നവകേരള സദസിൽ പങ്കെടുത്തിരുന്നില്ല. ഇവർ മാത്രം ജോലി ചെയ്യാനും പങ്കെടുത്തവർ  ശമ്പളത്തോടെ വിശ്രമിക്കാനുമായിരുന്നു മേറ്റിന്‍റെ നിർദേശം. വിവാദമായതോടെ ജനപ്രതിനിധികൾ ഇടപെട്ട് തൊഴിലുറപ്പ് ജോലി നിർത്തി വെപ്പിച്ചു. മേറ്റിന്‍റെ നടപടിക്കെതിരെ കളക്ടർ, തൊഴിലുറപ്പ് ഓംബുഡ്സ്മാൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതി നൽകുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.