
സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സിപിഎമ്മിന് വ്യക്തമായ തിരിച്ചടിയായിട്ടും, പരാജയം രാഷ്ട്രീയമായി ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകുന്നില്ല. ജനവിധിയെ മാനിക്കുന്നതിന് പകരം, എതിരാളികളെ ലക്ഷ്യമാക്കി വിവിധ പ്രദേശങ്ങളില്‍ അക്രമവും ഭീഷണിയും തുടരുകയാണ്. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് പിന്നാലെ ഉണ്ടായ സംഭവങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തെ വീണ്ടും സംഘര്‍ഷാവസ്ഥയിലേക്കാണ് നയിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് അനുകൂലമായ ഫലങ്ങള്‍ പുറത്തുവന്നതോടെ, പല കേന്ദ്രങ്ങളിലായി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പാനൂരില്‍ വടിവാള്‍ ഉപയോഗിച്ചുള്ള ആക്രമണവും, പയ്യന്നൂരില്‍ യുഡിഎഫ് ഓഫീസ് തകര്‍ത്ത സംഭവവും, രാമന്തളിയില്‍ ഗാന്ധി പ്രതിമ തകര്‍ത്തതും രാഷ്ട്രീയ അക്രമത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.
ഇതിനിടെ, യുഡിഎഫ് മെമ്പറുടെ കൈയും കാലും തല്ലി ഒടിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയ സംഭവവും പുറത്തുവന്നു. ചില പ്രദേശങ്ങളില്‍ ബോംബെറുകളടക്കമുള്ള ആയുധങ്ങളുമായി ഭീഷണി മുഴക്കുന്നതും അക്രമം തുടരുമെന്ന സന്ദേശം നല്‍കുന്നതുമായ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അക്രമ പ്രവര്‍ത്തനങ്ങളെ തടയുന്നതിന് പകരം, ഇത്തരം ദൃശ്യങ്ങള്‍ അഭിമാനത്തോടെ സ്വന്തം ഇടത് സൈബര്‍ ഇടങ്ങളില്‍ പങ്കുവയ്ക്കുന്ന സമീപനമാണ് സിപിഎം പ്രവര്‍ത്തകരില്‍ നിന്നുണ്ടാകുന്നത്.
ജനാധിപത്യ സംവിധാനത്തില്‍ തിരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുക എന്നത് രാഷ്ട്രീയ പക്വതയുടെ അടയാളമാണെങ്കിലും, അക്രമത്തിലൂടെയുള്ള പ്രതികരണമാണ് ഇപ്പോള്‍ കാണുന്നത്. അധികാര നഷ്ടം നേരിടുമ്പോള്‍ സംഘടനാപരമായ അച്ചടക്കവും രാഷ്ട്രീയ ഉത്തരവാദിത്തവും കൈവിടുന്ന പ്രവണത സിപിഎമ്മിനകത്ത് ശക്തമാകുകയാണ്. ഭരണകക്ഷിയുടെ ഭാഗത്ത് നിന്ന് കര്‍ശന ഇടപെടല്‍ ഉണ്ടാകാത്തത് അക്രമങ്ങള്‍ക്ക് പരോക്ഷ പിന്തുണയാകുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കിയ ജനവിധിയെ അംഗീകരിക്കുകയും, അക്രമ രാഷ്ട്രീയത്തില്‍ നിന്ന് ഇവര്‍ പിന്‍മാറുകയും ചെയ്യുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്.