K.C VENUGOPAL MP| മോഹന്‍ലാലിന് ആദരം സര്‍ക്കാരിന്‍റെ രാഷ്ട്രീയ ലക്ഷ്യത്തോടെ: കെസി വേണുഗോപാല്‍ എംപി

Jaihind News Bureau
Sunday, October 5, 2025

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ അഭിനന്ദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പ്രകടമായിരുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.

കേരള ജനത സ്‌നേഹിക്കുന്ന മോഹന്‍ലാലിനെ ആദരിച്ച പരിപാടിയായതിനാല്‍ അതിനെ വിവാദമാക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. മോഹന്‍ലാലിനെ പോലൊരു കലാകാരനെ ഇത്തരം രാഷ്ട്രീയ സങ്കുചിത താല്‍പ്പര്യത്തിന് വേണ്ടി ഉപയോഗിക്കേണ്ടതായിരുന്നോവെന്ന് പരിപാടിയുടെ സംഘാടകര്‍ ആലോചിക്കേണ്ടതായിരുന്നുവെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് സര്‍ക്കാരിനോടുള്ള വെറുപ്പിനെ മറികടക്കാനാണ് ഇത്തരം പിആര്‍ പരിപാടികള്‍ സര്‍ക്കാര്‍ നടത്തുന്നത്. നടന്‍ മോഹന്‍ലാലിനെ ആദരിക്കുന്ന ചടങ്ങില്‍ ഇത്തരം വിവാദം ഒഴിവാക്കേണ്ടതായിരുന്നു.ശബരിമല വിവാദങ്ങളില്‍ നിന്ന് രക്ഷപെടാനുള്ള മറ്റൊരു തന്ത്രമായിരുന്നു മോഹന്‍ലാലിനുള്ള ആദരം. സര്‍ക്കാരിന്റെ ചെയ്തികള്‍ അവരെ തന്നെ വേട്ടയാടുന്നു. തെറ്റുകളിലേക്ക് സഞ്ചരിക്കുന്ന സര്‍ക്കാരാണിത്.

അയ്യപ്പ സംഗമത്തിന് പൊതുഖജനാവില്‍ നിന്ന് പണം ഉപയോഗിക്കരുതെന്ന ഹൈക്കോടതി നിര്‍ദ്ദേശം ലംഘിച്ച് 8.22 കോടി അനുവദിച്ചു. ഹൈക്കോടതിയെ അറിയിച്ചതിന് വിരുദ്ധമാണ് ബോര്‍ഡിന്റെ നടപടി. ആ പണവും പോയത് ഊരാളുങ്കലിന്റെ അക്കൗണ്ടിലേക്കാണ്. ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ക്കെതിരായിട്ടാണ് ശബരിമലയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ശബരിമലയെ വിവാദ ഭൂമിയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും രാഷ്ട്രീയതാല്‍പ്പര്യമാണ് അതിന് പിന്നിലെന്നും വേണുഗോപാല്‍ പറഞ്ഞു.