സ്പീക്കറെ നീക്കണമെന്ന പ്രമേയം സഭയില്‍ ; ഡയസില്‍ നിന്നിറങ്ങി ശ്രീരാമകൃഷ്ണന്‍

Jaihind News Bureau
Thursday, January 21, 2021

Kerala-Niyama-sabha

 

തിരുവനന്തപുരം : ഡോളര്‍ കടത്ത് ആരോപണം നേരിടുന്ന പി ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന പ്രമേയത്തില്‍ നിയമസഭയില്‍ ചർച്ച പുരോഗമിക്കുന്നു. എം ഉമ്മറാണ് പ്രമേയം അവതരിപ്പിച്ചത്. ഡോളർ കടത്ത്, സഭ നടത്തിപ്പിലെ ധൂർത്ത് തുടങ്ങിയ ആരോപണങ്ങൾ ഉയർത്തിക്കാട്ടിയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. പ്രമേയം അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഡയസില്‍ നിന്നിറങ്ങി. ഡെപ്യൂട്ടി സ്പീക്കര്‍ വി ശശിയാണ് സഭ നിയന്ത്രിക്കുന്നത്.

സ്പീക്കറെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുമെന്ന വാര്‍ത്ത ഞെട്ടിക്കുന്നതെന്ന് പ്രമേയത്തില്‍ പ്രതിപക്ഷം ആരോപിച്ചു. സ്വപ്നയുമായി ബന്ധമുണ്ടെന്ന് സ്പീക്കർ തന്നെ സമ്മതിച്ചാണെന്ന് എം ഉമ്മർ എം.എൽ.എ പറഞ്ഞു. മാധ്യമ വാർത്തകൾക്കെതിരെ സ്പീക്കർ നിയമ നടപടി സ്വീകരിച്ചില്ല. നയപ്രഖ്യാപന പ്രസംഗം നടക്കുമ്പോൾ സ്പീക്കറുടെ സ്റ്റാഫിനെ കസ്റ്റംസ് ചോദ്യം ചെയ്തുവെന്ന് ഉമ്മർ ആരോപിച്ചു. സ്റ്റാഫിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ സ്പീക്കർ തടയാൻ ശ്രമിച്ചു. നിയമസഭ തീർന്നാൽ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യും. പ്രമേയം വ്യക്തിപരമോ രാഷ്ട്രീയ പ്രേരിതമോ അല്ലെന്നും അദ്ദേഹം പറഞ്ഞു. സഭയിലെ ശങ്കര നാരായണൻ തമ്പി ഹാൾ നവീകരിച്ചത് 100 കോടിയിലേറെ ചെലവഴിച്ചാണ്. സ്പീക്കറായിരിക്കെ ശ്രീരാമകൃഷ്ണൻ വരുത്തിവച്ച ദുർഗന്ധം ഒരിക്കലും മായില്ലെന്നും ഉമ്മർ ആരോപിച്ചു. സ്പീക്കറെ ജയിലിലടക്കാനോ അദ്ദേഹത്തിന്‍റെ അന്തസിനെ തരംതാഴ്ത്താനോ അല്ല പ്രമേയം അവതരിപ്പിക്കുന്നത്. സഭയുടെ അന്തസ് കാത്തുസൂക്ഷിക്കാനാണെന്നും പ്രമേയം അവതരിപ്പിച്ചു കൊണ്ട് എം ഉമ്മർ എം.എല്‍.എ പറഞ്ഞു.

ചോദ്യോത്തരവേള കഴിഞ്ഞ് 9.45 കഴിഞ്ഞപ്പോള്‍ സ്പീക്കര്‍ അദ്ദേഹത്തിന്‍റെ ഡയസില്‍ നിന്നിറങ്ങി ചേംബറിലേക്ക് പോയി. ചേംബറില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഇരിക്കുന്ന സ്ഥലത്താണ് സ്പീക്കർ ഇരിക്കുക. സ്പീക്കർക്കെതിരായ പ്രമേയം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് ഭരണപക്ഷം രംഗത്ത് വന്നു. എന്നാൽ സാങ്കേതിക വാദങ്ങൾ ഉയർത്തിക്കാട്ടി പ്രമേയം തടയുന്നില്ലെന്ന് ഡെപ്യൂട്ടി സ്പീക്കർ വ്യക്തമാക്കി. സഭയിലെ ഏക ബി.ജെ.പി അംഗമായ ഒ രാജഗോപാൽ പ്രമേയം അവതരിപ്പിക്കുന്നതിനെ അനുകൂലിച്ച് എഴുന്നേറ്റു. തടസവാദം ഉന്നയിച്ച് നോട്ടീസ് നല്‍കിയ എസ് ശര്‍മ്മയുടെ പ്രമേയാവതരണവും നടന്നു. ചട്ടം പാലിച്ചാണ് പ്രമേയം കൊണ്ടുവരേണ്ടതെന്ന എസ് ശര്‍മ്മ പറഞ്ഞു.