ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയലിന്‍റെ രാജിയിൽ ചോദ്യങ്ങളുമായി കോൺഗ്രസ്. ബിജെപി ടിക്കറ്റിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണോ രാജിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ചോദിച്ചു. മോദി സർക്കാരുമായുള്ള ഭിന്നതയാണോ, കമ്മീഷനിലെ പ്രശ്‌നങ്ങളാണോ രാജിക്ക് പിന്നിലെന്നും അദ്ദേഹം ആരാഞ്ഞു. പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് കമ്മീഷണർ അരുണ്‍ ഗോയല്‍ രാജിവെച്ചത്. 2027 വരെ കാലാവധി ഉണ്ടായിരിക്കെയാണ് രാജി. രാജിയുടെ കാരണം വ്യക്തമല്ല. രാഷ്ട്രപതി ദ്രൗപതി മുർമു രാജി അംഗീകരിച്ചതായി നിയമമന്ത്രാലയം വിജ്ഞാപനം ഇറക്കി.
രാജ്യത്ത് തകരുന്ന അവസാന ഭരണഘടനാ സ്ഥാപനങ്ങളിലൊന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെ പറഞ്ഞു. നമ്മുടെ സ്വതന്ത്ര സ്ഥാപനങ്ങളുടെ ആസൂത്രിതമായ നാശം തടഞ്ഞില്ലെങ്കിൽ ജനാധിപത്യത്തെ സ്വേച്ഛാധിപത്യം കവർന്നെടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘‘തിരഞ്ഞെടുപ്പ് കമ്മീഷനോ അതോ തിരഞ്ഞെടുപ്പ് ഒമിഷനോ (ഉപേക്ഷിക്കുന്നതോ)? കുറച്ച് ദിവസങ്ങൾക്കുള്ളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യയിൽ ഇപ്പോൾ ഒരു തിരഞ്ഞെടുപ്പ് കമ്മിഷണർ മാത്രമേയുള്ളൂ. എന്തുകൊണ്ട്? ഞാൻ നേരത്തെ പറഞ്ഞതുപോലെ, നമ്മുടെ സ്വതന്ത്ര സ്ഥാപനങ്ങളുടെ ആസൂത്രിതമായ നാശം തടഞ്ഞില്ലെങ്കിൽ നമ്മുടെ ജനാധിപത്യം സ്വേച്ഛാധിപത്യം കവർന്നെടുക്കും. തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള പുതിയ നടപടിക്രമം ഇപ്പോൾ ഭരണകക്ഷിക്കും പ്രധാനമന്ത്രിക്കും എല്ലാ അധികാരങ്ങളും നൽകിയിരിക്കെ, അനൂപ് ചന്ദ്ര പാണ്ഡെ വിരമിച്ച് 23 ദിവസം കഴിഞ്ഞിട്ടും പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കാത്തത് എന്തുകൊണ്ടാണ്? മോദി സർക്കാർ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ന്യായമായ വിശദീകരണവുമായി വരൂ’’– ഖാർഗെ എക്സിൽ കുറിച്ചു.
Election Commission or Election OMISSION?
India now has only ONE Election Commissioner, even as Lok Sabha elections are to be announced in few days. Why?
As I have said earlier, if we do NOT stop the systematic decimation of our independent institutions, our DEMOCRACY shall…
— Mallikarjun Kharge (@kharge) March 9, 2024
സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. ‘‘ഇതു തികച്ചും ഞെട്ടിപ്പിക്കുന്നതാണ്; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെച്ചു. ഇപ്പോൾ ഒരു തിരഞ്ഞെടുപ്പ് കമ്മീഷണർ മാത്രമേയുള്ളൂ. തിരഞ്ഞെടുപ്പ് കമ്മീഷനിൽ എന്താണ് സംഭവിക്കുന്നത്? രാജ്യം മുഴുവൻ ആകാംക്ഷയിലാണ്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നില്ല’’– കെ.സി. വേണുഗോപാൽ പറഞ്ഞു.
It is deeply concerning for the health of the world’s largest democracy that Election Commissioner Mr. Arun Goel has resigned on the cusp of the Lok Sabha elections.
There is absolutely no transparency in how a constitutional institution like the ECI has been functioning and the…
— K C Venugopal (@kcvenugopalmp) March 9, 2024
തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ മാത്രം അവശേഷിക്കുന്നത് ആശങ്കാജനകമാണെന്നു തൃണമൂൽ കോൺഗ്രസിന്‍റെ രാജ്യസഭാംഗം സാകേത് ഗോഖലെയും വ്യക്തമാക്കി. മോദിയും അദ്ദേഹത്തിന്‍റെ മന്ത്രിയും ചേർന്ന് അവർക്കിഷ്ടമുളള 2 പേരെ കമ്മീഷണർമാരായി നിയമിക്കുമെന്നത് തിരഞ്ഞെടുപ്പ് നടത്തിപ്പില്‍ ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2022 നവംബർ 21-നാണ് അരുൺ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. 1985 ബാച്ചിലെ പഞ്ചാബ് കേഡർ ഐഐഎസ് ഉദ്യോഗസ്ഥാനായ അരുൺ ഗോയൽ വിവിധ മന്ത്രാലയങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജീവ് കുമാറാണ് നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിലവില്‍ രണ്ടംഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അരുണ്‍ ഗോയല്‍ രാജിവെച്ചതോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രമായി. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അനൂപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ചിരുന്നു.