സകലതും വിറ്റുതുലയ്ക്കുന്ന മോദിയും സര്‍ക്കാരും; കരുതല്‍ ശേഖരത്തിന് പിന്നാലെ റിസര്‍വ് ബാങ്കിന്റെ സ്വര്‍ണവും വില്‍ക്കുന്നു

Jaihind Webdesk
Sunday, October 27, 2019

കരുതല്‍ ശേഖരത്തിലെ സ്വര്‍ണം വില്‍ക്കാന്‍ റിസര്‍വ് ബാങ്കിന്റെ തീരുമാനം. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് വലിയൊരു പങ്ക് എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് സ്വര്‍ണശേഖരവും വില്‍ക്കാനുള്ള പുതിയ നീക്കം. റിസര്‍വ് ബാങ്കിന്റെ കരുതല്‍ധനം പങ്കിടുന്നതു സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച ബിമല്‍ ജലാന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ആര്‍.ബി.ഐ നടപടി. രാജ്യം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുന്നതിനിടെയാണ് തങ്ങളുടെ കരുതല്‍ സ്വര്‍ണം ആര്‍.ബി.ഐ വില്‍ക്കുന്നത്.
റിസര്‍വ് ബാങ്കിന്റെ ബിസിനസ് വര്‍ഷം തുടങ്ങുന്ന ജൂലൈ മുതല്‍ 500 കോടി ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണം കേന്ദ്രബാങ്ക് വീങ്ങിക്കൂട്ടിയിരുന്നു. ഈ കാലയളവില്‍ തന്നെ 115 കോടി ഡോളറിന്റ സ്വെര്‍ണം വില്‍പ്പനനടത്തുകയും ചെയ്തു. ഈ മാസം 11 വരെയുള്ള കണക്ക് പ്രകാരം 2670 കോടി ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണമാണ് റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തിലുള്ളത്.

ഒക്ടോബര്‍ 11ന് വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ സ്വര്‍ണ്ണവില 26.7 ബില്യണ്‍ ഡോളര്‍ ആയിരുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഓഗസ്റ്റില്‍ ആര്‍.ബി.ഐയില്‍ ഉണ്ടായിരുന്ന ആകെ സ്വര്‍ണം 19.8 മില്യണ്‍ ട്രോയ് ഔണ്‍സാണ്. അച്ചടിക്കുന്ന കറന്‍സിയുടെ മൂല്യം ഉറപ്പാക്കാന്‍ ആനുപാതികമായി ആര്‍.ബി.ഐ സ്വര്‍ണശേഖരം സൂക്ഷിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം കറന്‍സിക്ക് മൂല്യം കുറയും. ആഗോളധനപ്രതിസന്ധി ഘട്ടമുണ്ടായാല്‍ നേരിടാനും കരുതല്‍ശേഖരം അനിവാര്യമാണ്.

സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ 1991ല്‍ 67 ടണ്‍ സ്വര്‍ണം യൂണിയന്‍ ബാങ്ക് ഓഫ് സ്വിറ്റ്സര്‍ലന്‍ഡിലും ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും പണയംവച്ചിരുന്നു. വിദേശനാണ്യ കരുതല്‍ശേഖരത്തില്‍ വന്ന വന്‍ ഇടിവ് മറികടക്കാനായിരുന്നു അന്നത്തെ പണയം. ഈ നടപടി അന്ന് ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്. അതിന് ശേഷം ഇപ്പോഴാണ് സ്വര്‍ണം വില്‍ക്കുന്നത്.
ആഗോളതലത്തില്‍ കേന്ദ്ര ബാങ്കുകളെല്ലാം കരുതല്‍ ധനശേഖരത്തിന്റെ ഒരു ഭാഗം സ്വര്‍ണമായി തന്നെ സൂക്ഷിക്കാറുണ്ട്. ഇതിനിടെ, കരുതല്‍ സ്വര്‍ണശേഖരത്തിന്റെ മൂല്യനിര്‍ണയം മാസത്തില്‍ ഒരിക്കല്‍ എന്ന കീഴ്‌വഴക്കം മാറ്റാനുള്ള ശ്രമവും ആര്‍.ബി.ഐയില്‍ നടക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഈ റിപ്പോര്‍ട്ടുകളോട് റിസര്‍വ് ബാങ്ക് പ്രതികരിച്ചിട്ടില്ല. ഇതിനു പുറമെ, കൈവശമുള്ള സ്വര്‍ണത്തിന്റെ മൂല്യം വെളിപ്പെടുത്തുന്ന പോലെ അളവ് വെളിപ്പെടുത്തുന്നുമില്ല.
2017 മുതല്‍ ആര്‍.ബി.ഐ വ്യാപകമായി സ്വര്‍ണം വാങ്ങിക്കൂട്ടിയപ്പോള്‍ അതു കൂടുതലും പൊതുവിപണിയില്‍ നിന്നായിരുന്നു വാങ്ങിയത്. കൂടാതെ, പിടിച്ചെടുത്ത കള്ളക്കടത്തു സ്വര്‍ണവും ഇതിലേക്ക് പോകും. അതേസമയം, അടുത്തിടെ വാങ്ങിയതില്‍ ഒരുഭാഗം സ്വര്‍ണം വിറ്റതായി റിസര്‍വ് ബാങ്കുമായി ബന്ധപ്പെട്ടവര്‍ സൂചന നല്‍കുന്നുമുണ്ട്.