പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്

Jaihind News Bureau
Friday, October 9, 2020

RBI-Digital-Currency

പണപ്പെരുപ്പം ഉയർന്നതോതിൽ തുടരുന്നതിനാൽ റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളിൽ ഇത്തവണ മാറ്റംവരുത്തേണ്ടെന്ന് ആർ.ബി.ഐയുടെ പണവായ്പ അവലോകന യോഗം തീരുമാനിച്ചു. ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോനിരക്ക് 4 ശതമാനമായി തുടരുമെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

ബാങ്കുകളിൽ നിന്ന് റിസർവ് ബാങ്ക് വാങ്ങുന്ന വായ്പക്കുളള പലിശനിരക്കായ റിവേഴ്സ് റിപ്പോ നിരക്കും 3.35 ശതമാനമായി തുടരുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടർന്ന് വിതരണ ശൃംഖലയിൽ തടസമുള്ളതിനാൽ വരുംമാസങ്ങളിലും വിലക്കയറ്റം കൂടാനാണ് സാധ്യതയെന്നും യോഗം വിലയിരുത്തി.

ആർബിഐ റിപ്പോ നിരക്ക് നാലുശതമാനത്തില്‍ തുടരും. മൂന്ന് പുതിയ സ്വതന്ത്രാംഗങ്ങള്‍ ചുമതലയേറ്റശേഷം നടന്ന ആദ്യയോഗത്തിലാണ് തീരുമാനം. അംഗങ്ങളെല്ലാവരും നിരക്ക് നാലുശതമാനത്തില്‍ നിലനിര്‍ത്തുന്നതിന് അനുകൂലമായാണ് വോട്ടുചെയ്തത്.

ഓഗസ്റ്റില്‍ 6.69 ശതമാനമായിരുന്നു പണപ്പെരുപ്പം. കൊവിഡ് വ്യാപനത്തെതുടര്‍ന്ന് വിതരണശൃംഖലയില്‍ തടസ്സമുള്ളതിനാല്‍ വരും മാസങ്ങളിലും വിലക്കയറ്റം കൂടാനാണ് സാധ്യതയെന്ന് പണനയ അവലോകന യോഗം വിലയിരുത്തി. അതേസമയം 2021ഓടെ പണപ്പെരുപ്പ നിരക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

നടപ്പ് സാമ്പത്തിക വർഷത്തിൽ ജിഡിപിയില്‍ 9.5 ശതമാനത്തിൻെറ കുറവ് വരുമെന്നും റിസർവ് ബാങ്ക് പ്രവചിക്കുന്നു. സാമ്പത്തിക വർഷത്തിന്‍റെ നാലാം പാദത്തോടെ സ്ഥിതി മെച്ചപ്പെടാൻ സാധ്യതയുണ്ടെന്നാണ് അവലോകന യോ​ഗ​ വിലയിരുത്തൽ. നിലവിലെ സാഹചര്യങ്ങള്‍ രാജ്യത്തെ സാമ്പത്തികവളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്. ബാങ്ക് നിരക്കും മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റിയും മാറ്റമില്ലാതെ തുടരും.