ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ ജന്മവാര്‍ഷികത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വിനയവും വിവേകവും ദീര്‍ഘവീക്ഷണവും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നല്‍കിയ ചരിത്രപരമായ സംഭാവനകളും നേതാക്കള്‍ അനുസ്മരിച്ചു.
‘ഡോ. മന്‍മോഹന്‍ സിംഗ് ഇന്ത്യയുടെ സാമ്പത്തിക പരിവര്‍ത്തനത്തിന്റെ സൗമ്യനായ ശില്പിയായിരുന്നുവെന്ന് എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എക്സില്‍ കുറിച്ചു. വിനയവും വിവേകവുമുള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം. തന്റെ വാക്കുകളേക്കാള്‍ പ്രവൃത്തികളിലൂടെയാണ് അദ്ദേഹം അറിയപ്പെട്ടത്. അദ്ദേഹത്തിന്റെ സാമ്പത്തിക പരിഷ്‌കരണ കാഴ്ചപ്പാടുകള്‍ പുതിയ അവസരങ്ങളുടെ വാതിലുകള്‍ തുറന്നു. ഇത് ഒരു അഭിവൃദ്ധി പ്രാപിക്കുന്ന മധ്യവര്‍ഗ്ഗത്തെ സൃഷ്ടിക്കുകയും എണ്ണമറ്റ കുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുകയും ചെയ്തുവെന്ന് ഖര്‍ഗെ അനുസ്മരിച്ചു.
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ ജന്മവാര്‍ഷികത്തില്‍ ഞാന്‍ അദ്ദേഹത്തിന് വിനീതമായ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കുറിച്ചു. രാഷ്ട്ര നിര്‍മ്മാണത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയുള്ള ധീരമായ തീരുമാനങ്ങളും ശക്തമായ ഒരു സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ചരിത്രപരമായ സംഭാവനകളും നമ്മെ നയിക്കുന്നത് തുടരും. അദ്ദേഹത്തിന്റെ ലാളിത്യം, വിനയം, സത്യസന്ധത എന്നിവ നമുക്കെല്ലാവര്‍ക്കും പ്രചോദനമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
2004 മുതല്‍ 2014 വരെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിംഗ്. ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ശില്പിയായി അദ്ദേഹം അറിയപ്പെടുന്നു. 1991 മുതല്‍ 1996 വരെ പി.വി. നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന കാലത്താണ് രാജ്യത്ത് വലിയ തോതിലുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഈ കാലയളവില്‍ സമ്പദ്വ്യവസ്ഥയിലെ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഇന്ദിരാഭവനില്‍ ഡോ. മന്‍മോഹന്‍ സിംഗ് ഗവേഷണ കേന്ദ്രവും ലൈബ്രറിയും തുറന്നു
നിലവില്‍ പാകിസ്ഥാനിലുള്ള പഞ്ചാബിലെ ഗാഹ് എന്ന സ്ഥലത്ത് 1932-ല്‍ ജനിച്ച മന്‍മോഹന്‍ സിംഗ് ഒരു സാധാരണ പശ്ചാത്തലത്തില്‍ നിന്ന് ഉയര്‍ന്ന് ഒരു മികച്ച സാമ്പത്തിക വിദഗ്ദ്ധനാവുകയും പിന്നീട് പൊതുജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അദ്ദേഹം അന്തരിച്ചത്.