ഭൂകമ്പത്തില്‍ തകര്‍ന്ന മ്യാന്‍മറില്‍ രക്ഷാ പ്രവര്‍ത്തനം വൈകുകയാണ്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സഹായവുമായി എത്തുന്നുണ്ടെങ്കിലും വിമാനസര്‍വ്വീസുകളുള്‍പ്പെടെ പുന സ്ഥാപിക്കാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം കൃത്യമായി നടക്കുന്നില്ല.
ഇക്കഴിഞ്ഞ 28 ന് ഉച്ചയ്ക്ക 12.50 ഓടെയാണ് ആയിരങ്ങളുടെ ജീവന്‍ കവര്‍ന്ന ഭീുകമ്പം മ്യാന്‍മറില്‍ ഉണ്ടായത്. കെട്ടിടങ്ങള്‍ തകര്‍ന്നു വീണും റോഡുകള്‍ നശിച്ചുമുണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകള്‍ ഇതുവരെ കൃത്യമായി ലഭ്യമായിട്ടില്ല. ജീവന്‍ പൊലിഞ്ഞവര്‍ക്കും കാണാതായവര്‍ക്കുമുള്ള തിരച്ചിലുകള്‍ തുടരുകയാണ്. ഇന്ത്യ, ചൈന, സിംഗപ്പുര്‍, തായ്‌ലന്റ് എന്നിവിടങ്ങളില്‍ നിന്നും രക്ഷാപ്രവര്‍ത്തനനടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും റെയില്‍വേ, വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലാണ്. രാജ്യത്തിന്റെ പലഭാഗത്തും രക്ഷാപ്രവര്‍ത്തനം ലഭ്യമാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. റോഡുകളും പാലങ്ങളും തകര്‍ന്ന നിലയിലാണ്. ഭൂകമ്പ പ്രഭവകേന്ദ്രത്തിനു സമീപമുള്ള പ്രദേശങ്ങളിലൊന്നും സഹായങ്ങളെത്തിയിട്ടില്ലെങ്കിലും ജനങ്ങള്‍ സ്വയം അതിജീവിക്കാന്‍ ശ്രമിക്കുന്ന കാഴ്ചകളാണ് ബാക്കിയാകുന്നത്. ട്രെയിന്‍, വിമാനസര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സൈനിക തലവന്‍ മിന്‍ ഓങ് ലെയ്ങ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ ആയിരക്കണക്കിനു പേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് കളക്കുകൂട്ടല്‍. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളില്‍നിന്നും ദുര്‍ഗന്ധം പരന്നു തുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. പകര്‍ച്ചവ്യാധികള്‍ പകരാനിടയാക്കുമെന്ന റെഡ്‌ക്രോസ് മുന്നറിയിപ്പും മ്യാന്‍മറില്‍ നല്‍കിയിട്ടുണ്ട്.