റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം; പ്രധാന നഗരങ്ങളിൽ കനത്ത സുരക്ഷ

Jaihind Webdesk
Thursday, January 25, 2024

റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം. രാജ്യതലസ്ഥാനത്തടക്കം പ്രധാന നഗരങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. നാളെ കർത്തവ്യ പഥിൽ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡിലെ മുഖ്യാതിഥി ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ഇന്നെത്തും. സേനാ മെഡലുകളും പദ്മ പുരസ്ക്കാരങ്ങളും ഇന്ന് പ്രഖ്യാപിച്ചേക്കും.

ഏറെ സവിശേഷതകളുള്ളതാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡ് . വികസിത ഭാരതമെന്ന ലക്ഷ്യത്തിനൊപ്പം രാജ്യത്തിന്‍റെ നാരീ ശക്തിയുടെ പ്രകടനവുമാകും റിപ്പബ്ലിക് ദിന പരേഡ് . പരേഡിന് തുടക്കം കുറിച്ച് നൂറ് വനിതകൾ ചേർന്ന് ശംഖ് , നാദസ്വരം , നാഗദ എന്നിവ അവതരിപ്പിക്കും. കര-നാവിക- വ്യോമ സേനകളിലെ വനിതകളടങ്ങുന്ന 144 പേർ പ്രത്യേക സംഘമായി മാർച്ച് ചെയ്യും. ഡയറക്ട്രേറ്റ് ജനറൽ ഓഫ് ആംഡ് ഫോഴ്സ് മെഡിക്കൽ സർവ്വീസ് , ഡൽഹി പോലീസ് , എന്‍സിസി എന്നിവർ വനിതകൾ മാത്രമുള്ള സംഘത്തെയാണ് പരേഡിൽ അണി നിരത്തുക .

ഇത്തവണയും പോലീസിനെ നയിക്കുക മലയാളിയായ ശ്വേതാ സുഗതൻ ഐപിഎസ് ആണ്. വ്യോമസേനയുടെ ഭാഗമായി വനിതാ ഫൈറ്റർ പൈലറ്റുമാരും നാവികസേന അവതരിപ്പിക്കുന്ന ടാബ്ലോയിലെ യുദ്ധക്കപ്പലിന്‍റെ കമാൻഡറായി വനിതയും പരേഡിലുണ്ടാകും. ഫ്രാൻസിൽ നിന്നുള്ള 95 അംഗ സൈന്യവും 33 അംഗ ബാൻഡ് സംഘവും പരേഡിൽ പങ്കെടുക്കും . രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചവരും കേന്ദ്രസർക്കാരിന്‍റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായവരും ഇതിൽ ഉൾപ്പെടുന്നു. ഇക്കുറി പരേഡിലെ പൊതുജന പങ്കാളിത്തം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എഴുപത്തി ഏഴായിരം സീറ്റുകളിൽ നാല്‍പത്തി രണ്ടായിരം സീറ്റുകൾ പൊതുജനങ്ങൾക്കായി മാറ്റി വെച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിനാഘോഷം കണക്കിലെടുത്ത് രാജ്യ തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത് . മെട്രോ സ്റ്റേഷനുകളിലും തന്ത്ര പ്രധാന ഇടങ്ങളിലും സുരക്ഷാ പരിശോധന കർശനമാക്കിയിട്ടുണ്ട്.