ബാബറി കേസ്‌ : കോടതിവിധി നിര്‍ഭാഗ്യകരമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Wednesday, September 30, 2020

തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ബാബറി മസ്‌ജിദ്‌ കേസിലെ പ്രതികളെ വെറുതെവിട്ട കോടതി വിധി നിര്‍ഭാഗ്യകരമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ത്യന്‍ ജ്യുഡീഷറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം പോലും ചോദ്യം ചെയ്യപ്പെടുന്നതാണ് ഈ വിധി. മതനിരപേക്ഷതക്കും നമ്മുടെ നാടിന്‍റെ മഹാസംസ്കൃതിക്കുമേറ്റ കനത്ത പ്രഹരമാണ് കോടതി വിധിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഭരണഘടനാ സ്ഥാപനങ്ങളെ കാവിവത്‌കരിച്ചതിന്‍റെ ദുരന്തഫലമാണ്‌ നാം ഇപ്പോള്‍ അനുഭവിക്കുന്നത്‌.മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്‌ മുതല്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ജനാധിപത്യത്തെ അട്ടിമറിക്കുകയാണ്‌. മതേതരമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന്‌ പകരം അവയെ തകര്‍ക്കാനാണ്‌ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. നീതിന്യായ വ്യവസ്ഥയെ എന്നും ബഹുമാനിച്ച പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ഈ വിധിക്കെതിരെ നിയമാനുസൃതമായ പരിഹാരം കണ്ടെത്താന്‍ കോണ്‍ഗ്രസിന്‍റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ബാബറി മസ്‌ജീദ്‌ തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കുള്ള പങ്ക്‌ വ്യക്തമാക്കുന്ന ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ മുഖവിലക്ക്‌ എടുക്കാന്‍ കോടതി തയ്യാറായില്ല. ‘ജനാധിപത്യത്തില്‍ ഇതില്‍പ്പരം മറ്റൊരു വഞ്ചനയോ അപരാധമോ ഇല്ലെന്നും ബി.ജെ.പി നേതാക്കളുടെ കപട മിതവാദത്തെ അപലപിക്കുന്നതില്‍ കമ്മീഷന്‌ ഒരു മടിയുമില്ലെ’ന്നാണ്‌ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചത്‌. ബാബറി മസ്‌ജീദിന്‍റെ തകര്‍ച്ചക്ക്‌ പ്രഥമ ഉത്തരവാദികള്‍ സംഘപരിവാര്‍ സംഘടനകളാണെന്ന്‌ കൃത്യമായി ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌.അതുകൊണ്ട്‌ പ്രതികളെ രക്ഷിക്കാനുള്ള ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നു സംശയിക്കേണ്ടിരിക്കുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്തദിനമാണ്‌ ബാബറി മസ്‌ജീദ്‌ പൊളിക്കപ്പെട്ട ദിവസം. ഇന്ത്യയുടെ മഹത്തായ മതേതര പാരമ്പര്യമാണ്‌ ബാബറി മസ്‌ജീദിന്‍റെ മീനാരങ്ങള്‍ക്ക്‌ ഒപ്പം മണ്ണിലമര്‍ന്നത്‌. രാമക്ഷേത്രത്തിന്‍റെ പേരില്‍ ഹിന്ദുത്വ വികാരം ഉയര്‍ത്തിക്കൊണ്ടുവന്നു ബി.ജെ.പിയുടെ വളര്‍ച്ചക്കും അതുവഴി അധികാരത്തിലെത്താനും വഴിയൊരുക്കിയ സംഭവമായിട്ടാണ്‌ രാഷ്ട്രീയ നിരീക്ഷകര്‍പോലും ഇതിനെ വിലയിരുത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.