കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ വ്യാപകമാകുന്നു

Jaihind News Bureau
Thursday, September 12, 2019

കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിങ്. ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാൻ പോലീസ് ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

രജൗരി,പൂഞ്ച്,ഗുരേസ്,കർണാഹ്, കേരൻ, ഗുൽമാർഗ് തുടങ്ങിയ മേഖലകളിലാണ് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ലഷ്‌കർ ഇ തൊയ്ബ ഭീകരനായ ആസിഫ് മഖ്ബൂലിനെ കഴിഞ്ഞ ദിവസം ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ഇതുസംബന്ധിച്ച് വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് കശ്മീരിലെ അതിർത്തി പ്രദേശങ്ങളിലെ നുഴഞ്ഞുകയറ്റ ശ്രമങ്ങളെക്കുറിച്ചും ഡിജിപി വിശദീകരിച്ചത്.

കഴിഞ്ഞദിവസങ്ങളിൽ വിവിധ മേഖലകളിൽ നടന്ന കല്ലേറുകളിൽ നിരവധിപേർക്ക് പരിക്കേറ്റതായും ഡിജിപി സ്ഥിരീകരിച്ചു. നിയന്ത്രണങ്ങൾ കർശനമാക്കി വളരെ കുറഞ്ഞ തോതിൽ മാത്രമാണ് സേനയെ വിന്യസിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിയന്ത്രണരേഖയോട് ചേർന്നുള്ള പ്രദേശങ്ങളിലേക്ക് വൻതോതിൽ ഭീകരരെ എത്തിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് കശ്മീരിലേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമങ്ങളും വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഗുൽമാർഗ് മേഖലയിൽ മാത്രം നുഴഞ്ഞുകയറുന്നവരെ തുരത്താൻ 350-ലേറെ ഓപ്പറേഷനുകളാണ് നടത്തിയതെന്നും ഇതുമായി ബന്ധപ്പെട്ട് രണ്ട് ലഷ്‌കർ ഭീകരരെ അറസ്റ്റ് ചെയ്തതായും ലെഫ്. ജനറൽ കെ.ജെ.എസ്. ധില്ലണും നേരത്തെ വ്യക്തമാക്കിയിരുന്നു.