
ബെംഗളൂരു: റിപ്പോര്‍ട്ടര്‍ ടിവി പ്രൊമോട്ടര്‍മാര്‍ക്കും ചാനലിനുമെതിരായ വാര്‍ത്തകള്‍ നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വിവിധ മാധ്യമങ്ങള്‍ക്കെതിരെ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി കോടതിയില്‍. ജയ്ഹിന്ദ് ടിവി, ഗൂഗിള്‍, മെറ്റ എന്നിവയുള്‍പ്പെടെ 18 മാധ്യമ സ്ഥാപനങ്ങളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി ഒക്ടോബറില്‍ ബെംഗളൂരു സിറ്റി സിവില്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്.
റിപ്പോര്‍ട്ടര്‍ ടിവി പ്രൊമോട്ടര്‍മാര്‍ പ്രതികളായ മുട്ടില്‍ മരംമുറി കേസ്, മാംഗോ ഫോണ്‍ തട്ടിപ്പ് തുടങ്ങിയ സംഭവങ്ങളിലെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു നേരത്തെ കോടതിയെ സമീപിച്ചിരുന്നത്. തുടര്‍ന്ന് ഒക്ടോബറില്‍ ചാനലിനും ഉടമകള്‍ക്കുമെതിരെയുള്ള വാര്‍ത്തകള്‍ നീക്കം ചെയ്യാന്‍ കോടതി ഇടക്കാല ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ വസ്തുതകള്‍ പരിശോധിച്ച കോടതി പിന്നീട് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയും, നീക്കം ചെയ്ത വാര്‍ത്തകള്‍ പുനഃസ്ഥാപിക്കാന്‍ മാധ്യമങ്ങള്‍ക്കും സാമൂഹിക മാധ്യമങ്ങള്‍ക്കും അനുമതി നല്‍കുകയും ചെയ്തു.
വസ്തുതകള്‍ മറച്ചുവെച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് വാര്‍ത്താ വിലക്ക് സമ്പാദിച്ചതെന്ന വാദം കേസില്‍ ഉയര്‍ന്നിട്ടുണ്ട്. മരംമുറി കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പൊലീസ് അന്വേഷണത്തിന്റെയും കോടതി നടപടികളുടെയും അടിസ്ഥാനത്തിലാണ് വാര്‍ത്തകള്‍ നല്‍കിയതെന്നും വസ്തുതാവിരുദ്ധമായി ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മാധ്യമങ്ങള്‍ കോടതിയെ അറിയിച്ചു. ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമോ എന്ന കാര്യത്തിലും കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് സ്വീകരിക്കേണ്ട നടപടികളിലും ജനുവരി മൂന്നിന് കോടതി വിധി പ്രസ്താവിക്കും.