കാസര്‍ഗോട്ടെ അഞ്ചുശ്രീയുടെ മരണം  ഭക്ഷ്യവിഷ ബാധയേറ്റല്ലെന്ന് റിപ്പോര്‍ട്ട്; മരണകാരണം കരള്‍ പ്രവര്‍ത്തന രഹിതമായത്

Jaihind Webdesk
Sunday, January 8, 2023

കാസർകോട്: കാസര്‍ഗോട്ടെ അഞ്ചുശ്രീയുടെ മരണം  ഭക്ഷ്യവിഷ ബാധയേറ്റല്ലെന്ന് റിപ്പോര്‍ട്ട്. മരണകാരണം കരള്‍ പ്രവര്‍ത്തന രഹിതമായതെന്ന് പ്രാഥമിക പോസ്റ്റുമോറ്‍ട്ടം റിപ്പോര്‍ട്ട്. മഞ്ഞപ്പിത്തം ബാധിച്ചതായും, വിഷം ഉള്ളിലെത്തിയാണ് മരണം സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  മരണകാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.  അതിനാല്‍ തന്നെ കൂടുതല്‍ വ്യക്തതയ്ക്കായി ആന്തരിക അവയവങ്ങള്‍  രാസപരിശോധനയ്ക്ക് അയച്ചു.

പെൺകുട്ടിയെ ചികിത്സിച്ച മംഗലാപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരും പോസ്റ്റ്മോർട്ടം നടന്ന പരിയാരം മെഡിക്കൽ കോളേജില ഡോക്ടർമാരും രണ്ട് മെഡിക്കൽ കോളേജിൽ നിന്നുമുള്ള വിവരങ്ങൾ ശേഖരിച്ച കാസർകോട്ടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

കാസർകോട് തലക്ലായി സ്വദേശി അഞ്ജുശ്രീ പാർവതിയും സുഹൃത്തുക്കളും കഴിഞ്ഞ ഡിസംബർ 31 നാണ് അൽ റൊമൻസിയ ഹോട്ടലിൽ നിന്ന് ഓൺലൈനായി കുഴിമന്തി വാങ്ങി കഴിച്ചത്. ചിക്കൻ മന്തി, ചിക്കൻ 65, മയോണൈസ്, സാലഡ് എന്നിവയാണ് ഓർഡർ നൽകിയത്. ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് പിറ്റേന്ന് രാവിലെ അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് പെൺകുട്ടിയെ ദേളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. അടുത്ത ദിവസ രാവിലെ പെൺകുട്ടിക്ക് ബോധക്ഷയം ഉണ്ടാവുകയും തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരിച്ചത്.