സ്ത്രീ സുരക്ഷയില്‍ വീഴ്ച്ചയില്ലെന്ന് പിണറായി ; കെഎസ് യു വനിത പ്രവർത്തകയെ റോഡിലൂടെ വലിച്ചിഴച്ച് എസ്എഫ്ഐ ക്രിമിനല്‍ സംഘം ; പോലീസ് നോക്കുകുത്തി

എസ്എഫ്ഐയുടെ അക്രമരാഷ്ട്രീയത്തിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി തലസ്ഥാനത്തെ ഗവൺമെന്‍റ് ലോ കോളേജിലെ കെഎസ്‌യു പ്രവർത്തകർക്ക് നേരെയുള്ള അതിക്രമം. പോലീസിനെ അടക്കം നോക്കുകുത്തിയാക്കി കൊണ്ട് ആയിരുന്നു എസ്എഫ്ഐ പ്രവർത്തകർ അക്രമം അഴിച്ച് വിട്ടത്. സംഭവത്തിൽ പോലീസ് കേസെടുത്ത് എങ്കിലും, കെഎസ്‌യു വിന്‍റെ വനിതാ പ്രവർത്തകരെ അടക്കം നിലത്തിട്ട് മർദ്ധിച്ചിട്ടും എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

പുരോഗമന ചിന്താഗതി ഉയർത്തി പിടിയ്ക്കുന്ന സാക്ഷര കേരളത്തിൻ്റെ തലസ്ഥാനത്തെ സർക്കാർ ലോ കോളേജിലെ എസ്എഫ്ഐക്കാരുടെ അഴിഞ്ഞാട്ടമാണ് കഴിഞ്ഞ ദിവസം ജനങ്ങള്‍ കണ്ടത്.
കോളജ് യുണിയന്‍ ഉദ്ഘാടനം കഴിഞ്ഞ് പുറത്തിറങ്ങിയ കെ.എസ്‌.യു പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കെഎസ്യു യൂണിറ്റ് പ്രസിഡന്റ് സഫ്ന അടക്കമുള്ളവരെ എസ്എഫ്ഐ പ്രവർത്തകർ റോഡിലൂടെ വലിച്ചിഴച്ചു. സ്ത്രീ സുരക്ഷയ്ക്കു വിട്ടുവീഴ്ച ഇല്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് രണ്ടാം പിണറായി സർക്കാർ നിരന്തരം ആവർത്തിക്കുമ്പോഴാണ് അതേ പാർട്ടിയുടെ വിദ്യാർത്ഥി സംഘടനാനേതാക്കൾ ഒരു പെൺകുട്ടിയ്ക്ക് നേരെ അതിക്രമം നടത്തുന്നത് എന്നതും ചോദ്യം ചെയ്യപ്പെടുകയാണ്.

കഴിഞ്ഞ യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു ഒരു ജനറൽ സീറ്റിൽ വിജയിച്ചിരുന്നു. ഇതിൽ പ്രകോപിതരായാണ് എസ്എഫ്‌ഐ പ്രവർത്തകർ ആക്രമിച്ചതെന്നാണ് കെഎസ്‌യു പ്രവർത്തകരുടെ ആരോപണം.

കലാലയങ്ങളിലാകെ വീണ്ടും എസ്എഫ്‌ഐ ക്രിമിനല്‍ സംഘം അക്രമം അഴിച്ചുവിടുകയാണെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.. കെ എസ് യു പ്രവർത്തകരെ മർദ്ദിക്കുന്ന ദൃശ്യങ്ങളടക്കം പുറത്ത് വന്നതോടെ എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ പോലീസ് കേസ് എടുക്കാൻ തയ്യാറായെങ്കിലും ആരുടെയും അറസ്റ്റ് രേഖപ്പെടുത്താത്തതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് ആക്ഷേപം.

Comments (0)
Add Comment