കൂനൂർ ഹെലികോപ്റ്റർ അപകടം : അട്ടിമറി ഇല്ലെന്ന് കണ്ടെത്തൽ

Jaihind Webdesk
Saturday, January 1, 2022

ന്യൂഡൽഹി :ഊട്ടി ,കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ അട്ടിമറിയില്ലെന്ന് കണ്ടെത്തല്‍. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ മരിക്കാനിടയായ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ അട്ടിമറിയില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. അപകടം പെട്ടെന്നുണ്ടായതെന്നാണ് നിഗമനം. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രത്തിന് കൈമാറിയേക്കും.

എയർ മാർഷൽ മാനവേന്ദ്ര സിങ്ങിന്‍റെ നേൃത്വത്തിലുള്ള അന്വേഷണ സംഘം അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പാർലമെന്‍റിൽ അറിയിച്ചിരുന്നു. ഈ അന്വേഷണ സംഘം അപകടമുണ്ടായ കൂനൂരിലെത്തി നടത്തിയ അന്വേഷണത്തിലാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്.

ബിപിൻ റാവത്തും അദ്ദേഹത്തിന്‍റെ ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 14 പേർ സ‍ഞ്ചരിച്ച മി 17 വി 5 എന്ന ഹെലികോപ്റ്ററാണ് ഡിസംബർ 8ന് ഉച്ചയ്ക്ക് 12.20ന് ഊട്ടിക്കു സമീപം കൂനൂരിലെ വനമേഖലയിൽ തകർന്നു വീണത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സുലൂരിലെ സൈനിക താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീഴുകയായിരുന്നു.

ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ് സ്ഥിതി ചെയ്യുന്ന വെല്ലിങ്ടണിലേക്കായിരുന്നു യാത്ര. അപകടത്തിൽ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ സംഭവ ദിവസം തന്നെ മരിച്ചു. ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടു ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ഡിസംബർ 15ന് മരിച്ചു.