
വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യവകുപ്പ് നിയോഗിച്ച അന്വേഷണ സമിതി സമർപ്പിച്ച റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്.ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ. ശസ്ത്രക്രിയ സമയത്തെ സർജൻസ് നോട്ട് കൃത്യമാണെന്നും ശസ്ത്രക്രിയ സമയത്ത് ഉണ്ടായിരുന്നത് സ്ക്രബ് നഴ്സ് മാത്രമാണെന്നും സമിതി കണ്ടെത്തി. ഉപകരണങ്ങൾ എല്ലാം ഉണ്ടോയെന്ന് ഡോക്ടർ സ്ക്രബ് നഴ്സിനോട് ചോദിച്ചിരുന്നുവെന്നും ഉണ്ടെന്ന മറുപടിക്കുശേഷമാണ് തുന്നൽ ഇട്ടതെന്നുമാണ് അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ.
എന്നാൽ സ്ക്രബ് നഴ്സ് രോഗിയായ ഉഷയുടെ ശസ്ത്രക്രിയക്കിടെ മറ്റൊരു ശസ്ത്രക്രിയയ്ക്ക് വേണ്ടിയും ജോലി ചെയ്യേണ്ടി വന്നെന്നാണ് പറഞ്ഞു. പ്രോട്ടോക്കോൾ പാലിക്കാനാവാത്തതും ജീവനക്കാരുടെ കുറവും ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യ മന്ത്രി വീണാ ജോർജിന് കൈമാറും.
അതേസമയം വണ്ടാനത്തെ ചികിത്സാപിഴവിൽ ഡോക്ടർ ജെ ഷാഹിദയെ പ്രതി ചേർക്കാനാണ് പൊലീസിന്റെ തീരുമാനം. ഗർഭാശയത്തിലെ മുഴ നീക്കം ചെയ്യാനാണ് പുന്നപ്ര സ്വദേശിയായ ഉഷാ ജോസഫ് അഞ്ചുവർഷങ്ങൾക്കുമുൻപ് ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയ നടത്തിയത് ഡോ. ഷാഹിദയാണ്. ശസ്ത്രക്രിയ നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നത് ഒൻപത് പേരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തും.
അന്വേഷണത്തിന് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ് ഡിഎംഒയ്ക്ക് അപേക്ഷ നൽകുമെന്നാണ് വിവരം. ഇന്നലെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഏഴ് സെന്റിമീറ്റർ നീളമുള്ള കത്രിക ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. കത്രികയുടെ കാലപ്പഴക്കം കണ്ടെത്തുക നിർണായകമാണ്.