സംസ്ഥാനത്ത് മൂന്നിടത്ത് കൂടി റീപോളിങ്; 7 ബൂത്തുകളിൽ ഞായറാഴ്ച്ച വോട്ടെടുപ്പ്

Jaihind Webdesk
Friday, May 17, 2019

‌സംസ്ഥാനത്ത് മൂന്നിടത്തുകൂടി റീപോളിങ്. ധര്‍മടത്തു രണ്ട് ബൂത്തിലും തൃക്കരിപ്പൂരില്‍ ഒരു ബൂത്തിലും മറ്റന്നാള്‍ റീപോളിങ് നടക്കും. ഇതോടെ കണ്ണൂരില്‍ മൂന്നിടത്തും കാസര്‍കോട്ട് നാലിടത്തുമായി വോട്ടെടുപ്പ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്ത് കുന്നിരിക്കയിലും വേങ്ങാട്ടും ആണ് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്. ഇതോടെ കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ എല്ലാ മണ്ഡലങ്ങളിലും റീ പോളിങ് നടക്കും.

ജില്ലാ കളക്ടര്‍, ജനറല്‍ ഒബ്സര്‍വര്‍, മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ എന്നിവരുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് റീപോളിംങ് നടത്തുന്നത്. കല്യാശ്ശേരി പിലാത്തറയിലെ  19-ആം നമ്പര്‍ ബൂത്തില്‍ സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ മൂന്ന് സിപിഎം പ്രവര്‍ത്തകരായ സ്ത്രീകളാണ് കള്ളവോട്ട് ചെയ്തത്.

കണ്ണൂര്‍ ലോക്സഭ മണ്ഡലത്തില്‍ പെട്ട ധര്‍മ്മടത്തെ ബൂത്ത് നമ്പര്‍ 52-ലും,53-ലും കാസര്‍ഗോഡ് തൃക്കരിപ്പൂരിലെ ബൂത്ത് നമ്പര്‍ 48-ലും ആണ് റീപോളിംഗ് നടക്കുക. കണ്ണൂര്‍, കാസര്‍ഗോഡ് മണ്ഡലങ്ങളിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇതോടെ സംസ്ഥാനത്തെ ഏഴ് ബൂത്തുകളില്‍ ഞായറാഴ്ച വോട്ടെടുപ്പ് നടക്കും.

കാസര്‍കോട് കല്യാശേരിയിലെ ബൂത്ത് നമ്പര്‍ 19 പിലാത്തറ, ബൂത്ത് നമ്പര്‍ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച്. എസ് നോര്‍ത്ത് ബ്ളോക്ക്, ബൂത്ത് നമ്പര്‍ 70 ജുമാഅത്ത് എച്ച് എസ് സൗത്ത് ബ്ളോക്ക് എന്നിവിടങ്ങളിലും കണ്ണൂര്‍ തളിപ്പറമ്പ് ബൂത്ത് നമ്പര്‍ 166 പാമ്പുരുത്തി മാപ്പിള എ യു പി എസ് എന്നിവടങ്ങളിലുമാണ് റീ പോളിംഗ് നടത്തുന്നത്. റീ പോളിംഗ് നടക്കുന്നതില്‍ കണ്ണൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കാസര്‍ഗോഡ് മണ്ഡലത്തിലെ ഒരു ബൂത്തും ഉള്‍പ്പെടുന്നു.