ത്രിപുരയില്‍ 168 ബൂത്തുകളിലെ വോട്ടെടുപ്പ് അസാധുവാക്കി; മെയ് 12-ന‌് റീപോളിങ‌്

Wednesday, May 8, 2019

ത്രിപുരയിൽ 168 പോളിംഗ് സ്റ്റേഷനുകളിൽ വോട്ടെടുപ്പ് റദ്ദാക്കി. ഏപ്രിൽ 11 ന് നടന്ന പോളിംഗിനിടെ ബി.ജെ.പി വ്യാപകമായ ബൂത്ത് പിടിത്തവും ക്രമക്കേടും നടത്തിയെന്ന പരാതിയിലാണ് നടപടി. ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഞായറാഴ്ച ഇവിടെ റീപ്പോളിംഗ് നടക്കും. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളാണ് പരാതി നൽകിയത്.

ആദ്യഘട്ടത്തിൽ വോട്ടെടുപ്പ‌് നടന്ന പടിഞ്ഞാറൻ ത്രിപുര മണ്ഡലത്തില്‍ ആകെ 1679 പോളിങ‌് ബൂത്തുകളാണ‌് ഉള്ളത‌്. ഇതില്‍ 168 ബൂത്തുകളിലാണ് റീപോളിങ‌് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.  ഏപ്രിൽ 11-നാണ‌് ഇവിടെ വോട്ടെടുപ്പ‌് നടന്നത‌്. ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 12-നാണ‌് ഈ ബൂത്തുകളിൽ റീ പോളിങ് നടത്തുക.

ലോക്സഭാ തെരഞ്ഞെടുപ്പിനിടെ മണ്ഡലത്തിൽ ബിജെപി വ്യാപകമായി ബൂത്ത് പിടിത്തവും ക്രമക്കേടുകളും നടത്തിയെന്ന പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിരുന്നു. ഇതേത്തുടർന്ന് മണ്ഡലത്തിന്‍റെ ചുമതലയുള്ള മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, വരണാധികാരി, പ്രത്യേക നിരീക്ഷകൻ എന്നിവരുടെ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാണ് കമ്മീഷൻ റീ പോളിംഗ് നടത്താന്‍ നിർദേശിച്ചത്.

റീപോളിങ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചിരുന്നു.