കൊവിഡ് വാർഡിൽ തുടരെ ആത്മഹത്യകൾ ഉണ്ടാകുന്നത് സർക്കാരിന്‍റെ കൊറോണ പ്രതിരോധത്തിലെ പാളിച്ച : രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, June 10, 2020

വാചകമടിക്ക് അപ്പുറം കൊറോണ പ്രതിരോധത്തിനായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നു തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കൊറോണ വാർഡിലെ ആത്മഹത്യകൾ വ്യക്തമാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മണിക്കൂറുകൾക്കിടയിലാണ് രണ്ട് പേർ ആത്മഹത്യ ചെയ്തത്. ആരോഗ്യസംവിധാനത്തിന്‍റെ പിടിപ്പുകേടാണ് ഇവിടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചട്ടപ്പടി അന്വേഷണത്തിനപ്പുറം തിരുത്തൽ നടപടികൾ സ്വീകരിക്കാനും കൊവിഡ് ബാധിതർക്ക് സാന്ത്വനം നൽകാനും സർക്കാരിന് കഴിയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മരണപ്പെട്ടവരുടെ കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്ന് മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് അദ്ദേഹം ഫെയ്സ് ബുക്കില്‍ കുറിച്ചു.