അറ്റകുറ്റപ്പണിക്കായി അടച്ചിട്ട കാസർഗോഡ് ചന്ദ്രഗിരിപ്പാലം തുറക്കുന്നത് വൈകും

Jaihind News Bureau
Friday, January 17, 2020

അറ്റകുറ്റപ്പണിക്കായി അടച്ചിട്ട കാസർഗോഡ് ചന്ദ്രഗിരിപ്പാലം തുറന്ന് നൽകുന്നത് വൈകും. പുനർ നിർമാണ പ്രവൃത്തികൾ ഇഴഞ്ഞു നീങ്ങുന്നതാണ് പ്രതിസന്ധിക്ക് കാരണം. രണ്ടാഴ്ചകൊണ്ട് പണിതീർക്കാമെന്നായിരുന്നു അധികൃതർ നൽകിയ ഉറപ്പ്.

കാഞ്ഞങ്ങാട്, കാസർകോട് സംസ്ഥാന പാതയിലെ ചന്ദ്രഗിരി പാലം ജനുവരി 4 നാണ് അറ്റകുറ്റപ്പണിക്കായി അടച്ചിട്ടത്. രണ്ടാഴ്ചകൊണ്ട് പ്രവർത്തികൾ പൂർത്തിയാക്കുമെന്നായിരിന്നുഅധികൃതർ നൽകിയ ഉറപ്പ് . എന്നാൽ പാലം തുറന്ന് നൽകുന്നത് ഇനിയും വൈകാനാണ് സാധ്യത.
ചന്ദ്രഗിരി റൂട്ടിൽ കാഞ്ഞങ്ങാട് ഭാഗത്തുനിന്നും പാലം വരെ മാത്രമാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നത്. കടുത്ത വെയിലിൽ പാലത്തിനപ്പുറത്തേക്കും, ഇപ്പുറത്തേക്കും, വാഹനങ്ങൾക്കായി നെട്ടോടമോടുകയാണ് യാത്രക്കാർ.

പാലത്തിന്റെ സ്ലാബുകൾ ഘടിപ്പിക്കുന്ന സ്ട്രിപ്പുകൾ ഇടുന്ന ജോലി പൂർത്തിയായെങ്കിലും കോൺക്രീറ്റ് നനയക്കാൻ ഇനിയും ദിവസങ്ങൾ വേണ്ടി വരും. പാലത്തിന്റെ നടപ്പാതയുടെ അറ്റകുറ്റപ്പണി കഴിഞ്ഞദിവസം ആരംഭിച്ചു. സ്ട്രിപ്പുകൾ നടപ്പാതയിലേക്ക് നീട്ടാനുള്ള പ്രവർത്തികളാണ് പുരോഗമിക്കുന്നത്.കൂടാതെ തകർന്ന് കൈവരികയും നന്നാക്കാനുണ്ട്. രണ്ടാഴച്ചയ്ക്കകം പാലം തുറന്ന് നൽകാൻ സാധിക്കുമെന്നാണ് കെഎസ്ടിപി അധികൃതർ നൽകുന്ന വിശദീകരണം.23 ലക്ഷം രൂപയുടെ പ്രവർത്തികളാണ് നടക്കുന്നത്. പാലത്തിലൂടെയുള്ള യാത്ര നിരോധിച്ചതോടെ ദേശീയപാതയിലും ഗതാഗത പ്രശ്നം രൂക്ഷമായി. വിദ്യാനഗർ മുതൽ നായന്മാർമൂല വരെ എത്താൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. ആശുപത്രിയടക്കമുള്ള അത്യാവശ്യ സ്ഥലങ്ങളിലോക്കെത്തുവാൻ ജനങ്ങൾക്ക് ഗതാഗതക്കുരിക്ക് തടസമാകുന്നു. അറ്റകുറ്റ പ്രവർത്തികൾ നീണ്ടുപോകുന്നത് കടുത്ത പ്രതിഷേധത്തിനാണ് ഇടയാക്കുന്നത്.