പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക മേരി റോയ് അന്തരിച്ചു

Jaihind Webdesk
Thursday, September 1, 2022

 

കോട്ടയം: പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക മേരി റോയ് (89) അന്തരിച്ചു. ക്രിസ്ത്യൻ പിന്തുടർച്ചാവകാശം ചോദ്യം ചെയ്ത് ഒറ്റയ്ക്ക് നിയമപോരാട്ടം നടത്തി സുപ്രീം കോടതിയുടെ അനുകൂല വിധിക്ക് വഴിയൊരുക്കിയത് മേരി റോയിയുടെ പോരാട്ടമായിരുന്നു. പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്. പരേതനായ രാജീബ് റോയ് ആണ് ഭർത്താവ്.

1933ൽ കോട്ടയത്തെ അയ്മനത്തായിരുന്നു ജനനം. ഡൽഹി ജീസസ് മേരി കോൺവെന്‍റിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ചെന്നൈ ക്വീൻ മേരീസ് കോളേജിൽ നിന്ന് ബിരുദം നേടി. കൽക്കത്തയിൽ ഒരു കമ്പനിയിൽ സെക്രട്ടറിയായി ജോലി ചെയ്യവേ പരിചയപ്പെട്ട ബംഗാളിയായ രാജീബ് റോയിയെയാണ് മേരി റോയ് വിവാഹം ചെയ്തത്. കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങൾ മൂലം കുട്ടികളുമായി തിരിച്ചെത്തി പിതാവിന്‍റെ ഊട്ടിയിലുള്ള വീട്ടിൽ താമസമാക്കി. ഈവീടിനെച്ചൊല്ലിയുള്ള തർക്കങ്ങളാണ് കോടതിയിലെത്തിയത്. മേരി റോയിയുടെ നിയമപോരാട്ടത്തിനൊടുവിൽ, 1916 ലെ തിരുവിതാംകൂർ ക്രിസ്തീയ പിന്തുടർച്ചാ അവകാശ നിയമം അസാധുവാണെന്നും വിൽപത്രമെഴുതാതെ മരിക്കുന്ന പിതാവിന്‍റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ അവകാശമാണെന്നുമുള്ള സുപ്രധാന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചു.

കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്കൂളിന്‍റെ സ്ഥാപകയാണ് മേരി റോയ്. ആദ്യത്തെ 3 വർഷം മലയാളം മാധ്യമത്തിൽ മാത്രം പഠനം. നാലാം വർഷമാണ് ഇംഗ്ലീഷ് പരിചയപ്പെടുത്തുന്നത് തന്നെ. പിന്നീട് ക്രമേണ ഇംഗ്ലീഷ് മീഡിയത്തിലേക്ക്. ഐസിഎസ്ഇ സിലബസാണ് സ്കൂൾ പിൻതുടരുന്നത്. കോർപ്പസ് ക്രിസ്റ്റി എന്നായിരുന്നു സ്കൂളിന്‍റെ ആദ്യ പേര്, പിന്നീട് പള്ളിക്കൂടമെന്നാക്കി. പാഠ്യേതര വിഷയങ്ങളിൽ പരിശീലനവും വ്യക്തിത്വ വികസനത്തിനും പ്രാധാന്യം നൽകിയുമുള്ള പഠനമാണ് പള്ളിക്കൂടം പിന്തുടരുന്നത്.