ചരിത്ര പ്രസിദ്ധമായ മംഗളാദേവി കണ്ണകി ക്ഷേത്രത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. പുരാവസ്തു വകുപ്പിന്‍റെ നേതൃത്വത്തിലാണ് ജോലികൾ തുടങ്ങിയത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള മംഗളാദേവി കണ്ണകി ക്ഷേത്രത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പുരാവസ്തു വകുപ്പിന്‍റെ നേതൃത്വത്തിൽ തുടങ്ങി. ക്ഷേത്ര മതിലിന് ചുറ്റുമുള്ള കാട് വെട്ടിത്തളിക്കലും തകർന്ന മതിലിന്‍റെ കല്ലുകൾ യഥാസ്ഥാനങ്ങളിൽ പുനഃസ്ഥാപിക്കലുമാണ് തുടങ്ങിയത്. ക്ഷേത്രം പുനഃരുദ്ധീകരിക്കുന്നതിനും ഉത്സവകാലങ്ങളിൽ കാട് വെട്ടിത്തളിച്ച് പരിസരം വൃത്തിയാക്കുന്നതിനും വനംവകുപ്പ് തടസ്സം നിൽക്കുകയാണെന്നും ഇക്കാര്യങ്ങൾ ചെയ്യാൻ അനുമതി നൽകണമെന്നും 2016ൽ തമിഴ്‌നാട്ടിലെ കണ്ണകി ട്രസ്റ്റ് കേരള ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ മംഗളാദേവിയിൽ ഇപ്പോൾ നടക്കുന്നത് ക്ഷേത്രം പുനഃരുദ്ധീകരിക്കലല്ലെന്നും പുരാവസ്തു സംരക്ഷിക്കുന്നതിന് വേണ്ട നടപടികളാണെന്നുമാണ് വനം വകുപ്പിന്‍റെ നിലപാട്. കണ്ണകി കോവിലൻ ചരിത്രത്തിലെ ഐതിഹ്യങ്ങൾ നിലനിൽക്കുന്ന മംഗളാദേവി ക്ഷേത്രം കേരള-തമിഴ്‌നാട് തർക്കഭൂമിയായതിനാൽ ചിത്രാപൗർണമി നാളിൽ ഇരു സംസ്ഥാനങ്ങളും ഒന്നിച്ചാണ് ക്ഷേത്ര ഉത്സവം നടത്തുന്നത്. കുമളിയിൽ നിന്നും 12 കിലോമീറ്റർ വനത്തിനുള്ളിൽ പെരിയാർ ടൈഗർ റിസർവിനുള്ളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഭക്തർക്ക് ക്ഷേത്രത്തിലേക്കുള്ള പ്രവേശനാനുമതി.
https://youtu.be/GAE68hNvnrI