വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണത്തിലെ അഴിമതി വിശദമായി അന്വേഷിക്കണം : രമ്യ ഹരിദാസ് എം പി

Jaihind News Bureau
Wednesday, August 12, 2020

ലൈഫ് ഭവന പദ്ധതിയിൽ ഉൾപെടുത്തി വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്ന ഫ്ലാറ്റ് നിർമ്മാണത്തിലെ അഴിമതിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് രമ്യ ഹരിദാസ് എംപി. ഈ പദ്ധതിയിലെ അഴിമതിയും കെടുകാര്യസ്ഥതയും ഗൂഡാലോചനയും പുറത്തുകൊണ്ടുവരണമെന്നും ആലത്തൂർ എംപി രമ്യ ഹരിദാസ് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പ്രധാനമന്ത്രിയ്ക്കും രാഷ്ട്രപതിയ്ക്കും രമ്യ ഹരിദാസ് കത്തയച്ചു.

ഭവനപദ്ധതിയുടെയും മറ്റും പേരിൽ രാജ്യത്തിനകത്തും പുറത്തുമായി വലിയ ഗൂഡാലോചന നടന്നു. മുഖ്യമന്ത്രിയുടെയും പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കരന്‍റെയും അഴിമതിയിലെ പങ്കാളിത്തം അന്വേഷിക്കണമെന്ന് പ്രധാനമന്ത്രിയോടും രാഷ്ട്രപതിയോടും രമ്യ ഹരിദാസ് എം പി ആവശ്യപ്പെട്ടു.

ലൈഫ് ഭവന പദ്ധതിയുടെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രിക്ക് ഈ അഴിമതിയിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും ഭവനപദ്ധതിയുടെയും മറ്റും പേരിൽ രാജ്യത്തിനകത്തും പുറത്തുമായി നടത്തിയ ഗൂഡാലോചനയിലൂടെ എത്ര രൂപയുടെ അഴിമതി നടത്തിയിട്ടുണ്ടെന്നും മറ്റ് രാജ്യങ്ങളിലെ എംബസ്സികളുമായി ബന്ധപ്പെടുമ്പോൾ പാലിക്കേണ്ട കാര്യങ്ങളിൽ വന്ന നഗ്നമായ ലംഘനങ്ങളെകുറിച്ച് അന്വേഷിക്കണമെന്നും പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കുമുള്ള കത്തിൽ രമ്യ ഹരിദാസ് പറഞ്ഞു.