ഇന്ത്യ – ചൈന അതിർത്തി സംഘർഷം : രാജ്യം ഇപ്പോഴും ഇരുട്ടില്‍, ചൈനീസ് കടന്നുകയറ്റം ഉണ്ടായോ എന്ന് സർക്കാർ വ്യക്തമാക്കണം : സർവ്വകക്ഷി യോ​ഗത്തിൽ സോണിയാ ​ഗാന്ധി

Jaihind News Bureau
Friday, June 19, 2020

ഇന്ത്യ-ചൈന അതിർത്തിയിൽ നടന്നതിനെക്കുറിച്ച് രാജ്യം ഇപ്പോഴും ഇരുട്ടിലാണെന്ന് കോൺ​ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ചൈനീസ് കടന്നുകയറ്റം ഉണ്ടായോ എന്ന് സർക്കാർ വ്യക്തമാക്കണമെന്നും പ്രധാനമന്ത്രി വിളിച്ചുചേർത്ത സർവ്വകക്ഷി യോ​ഗത്തിൽ സോണിയാ ​ഗാന്ധി ആവശ്യപ്പെട്ടു. ഇന്ത്യാ-ചൈന അതിർത്തി സംഘർഷത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങളും സോണിയാ ​ഗാന്ധി യോഗത്തില്‍ ഉന്നയിച്ചു.

സേനകളെ യുദ്ധത്തിന് സജ്ജമാക്കാൻ പ്രതിപക്ഷം എന്ത് സഹകരണത്തിനും തയ്യാറാണെന്ന് വ്യക്തമാക്കിയ സോണിയാഗാന്ധി
രഹസ്യാന്വേഷണത്തിൽ എന്തെങ്കിലും പാളിച്ച സംഭവിച്ചോ എന്ന് സർക്കാർ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യ ശക്തമായ നടപടി സ്വീകരിക്കാത്തതിനാൽ രാജ്യത്തിന് നഷ്ടമായത് 20 ജവാന്മാരുടെ ജീവനാണ്. ചൈന പിൻമാറിയില്ലെങ്കിൽ എന്താണ് അടുത്ത നടപടിയെന്നും സോണിയാ ​ഗാന്ധി ചോദിച്ചു.

ഇന്ത്യ – ചൈന അതിർത്തി സംഘർഷത്തെ തുടർന്ന് പ്രധാനമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ സോണിയഗാന്ധി പറഞ്ഞതിന്‍റെ മലയാള പരിഭാഷ | പൂർണരൂപം

പ്രധാനമന്ത്രി, മന്ത്രിമാർ, എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾ,

വേദനാജനകമായ ഒരു സംഘർഷത്തിന് ശേഷം നമ്മൾ ഇന്ന് കണ്ടുമുട്ടുന്നു. നമ്മുടെ ഹൃദയത്തിൽ അഗാധമായ വേദനയും നീരസവും നിറഞ്ഞിരിക്കുകയാണ്. ഒന്നാമതായി, അതിർത്തിയിൽ ജീവൻ പൊലിഞ്ഞ ധീരരായ സൈനികർക്ക് ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു. അവരുടെ ഹൃദയം തകർന്ന കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റ സൈനികർക്ക് എത്രയും വേഗം സുഖം പ്രാപിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു.

2020 മെയ് 5ന് ലഡാക്കിലേക്കും മറ്റിടങ്ങളിലേക്കും ചൈനീസ് കടന്നുകയറ്റം ഉണ്ടായ വാർത്ത വന്നയുടനെ സർക്കാർ ഈ യോഗം വിളിച്ചിരിക്കണമായിരുന്നു. എല്ലായ്പ്പോഴും എന്നപോലെ, രാജ്യം മുഴുവൻ ഒരു പാറപോലെ നിൽക്കുകയും രാജ്യത്തിന്‍റെ അതിർത്തികളുടെ സമഗ്രത സംരക്ഷിക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികളിൽ അതിന്‍റെ പൂർണ്ണ പിന്തുണ നൽകുകയും ചെയ്യുമായിരുന്നു. എന്നാൽ ഇത് സംഭവിച്ചില്ല എന്നത് വളരെ ദയനീയമാണ്. വാസ്തവത്തിൽ വളരെയധികം സമയം കടന്നുപോയതിനുശേഷവും, ഈ പ്രതിസന്ധിയുടെ പല സുപ്രധാന വശങ്ങളെക്കുറിച്ചും സർക്കാർ ഞങ്ങളെ ഇരുട്ടിൽ നിർത്തുകയാണ് ചെയ്യുന്നത്. രാജ്യത്തിന് വേണ്ടി ഞങ്ങൾക്ക് സർക്കാരിനോട് ചില ചോദ്യങ്ങളുണ്ട്:

1. ലഡാക്കിലെ ചൈനീസ് സൈന്യം ഏത് പ്രദേശത്താണ് നുഴഞ്ഞുകയറിയത്?

2. നമ്മുടെ മേഖലയിലേക്കുള്ള ചൈനീസ് നുഴഞ്ഞുകയറ്റത്തെക്കുറിച്ച് എപ്പോഴാണ് സർക്കാർ അറിഞ്ഞത്?

3. വാർത്ത അനുസരിച്ച്, മെയ് 5നാണ് നുഴഞ്ഞുകയറ്റം നടന്നത്. ഇത് ശരിയാണോ? അല്ലെങ്കിൽ അതിനുശേഷം നുഴഞ്ഞുകയറ്റം ഉണ്ടായോ?

4. നമ്മുടെ രാജ്യത്തിന്റെ അതിർത്തിയിലെ ഉപഗ്രഹ ചിത്രങ്ങൾ സർക്കാരിന് പതിവായി ലഭിക്കുന്നില്ലേ?

5. നമ്മുടെ രഹസ്യാന്വേഷണ ഏജൻസികൾ ഇക്കാര്യം അറിയിച്ചില്ലേ? ചൈനീസ് അധിനിവേശത്തെക്കുറിച്ചും ഇന്ത്യൻ പ്രദേശത്ത് ചൈനീസ് സൈന്യത്തിന്‍റെ സാന്നിധ്യത്തെക്കുറിച്ചും ആർമി ഇന്‍റലിജൻസ് സർക്കാരിനെ അറിയിച്ചിരുന്നില്ലേ?

6. ഇത് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ പരാജയമാണെന്ന് സർക്കാർ അംഗീകരിക്കുമോ?

7. മെയ് 5നും ജൂൺ 6നും ഇടയിൽ ഇരു രാജ്യങ്ങളിലേയും കോർ കമാൻഡർമാർ കൂടിക്കാഴ്ച നടത്തിയതിനിടയിൽ നമുക്ക് വിലപ്പെട്ട സമയം നഷ്ടപ്പെട്ടുവെന്ന് കോൺഗ്രസ് പാർട്ടി വിശ്വസിക്കുന്നു. ജൂൺ 6ന് നടന്ന ഈ മീറ്റിംഗിന് ശേഷവും ചൈനീസ്- ഇന്ത്യൻ നേതൃത്വം രാഷ്ട്രീയ, നയതന്ത്ര തലങ്ങളിൽ നേരിട്ട് സംസാരിക്കാത്തത് എന്തുകൊണ്ട്?

എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുന്നതിൽ നമ്മൾ പരാജയപ്പെട്ടു. അതിന്‍റെ ഫലമായി നമ്മുടെ 20 ധീരരായ സൈനികരുടെ വേദനാജനകമായ രക്തസാക്ഷിത്വം സംഭവിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അടുത്തത് എന്താണ് എന്നതാണ് ചോദ്യം. എന്താണ് മുന്നോട്ടുള്ള വഴി? സ്ഥിതിഗതികൾ പുനഃസ്ഥാപിക്കപ്പെടുമെന്നും ചൈന യഥാർത്ഥ നിയന്ത്രണ രേഖയിലെ യഥാർത്ഥ സ്ഥാനത്തേക്ക് മടങ്ങണമെന്നും ഒരു രാജ്യം മുഴുവൻ ആഗ്രഹിക്കുന്നു. ഏത് ഭീഷണിയും നേരിടാനുള്ള പ്രതിരോധ സേനയുടെ തയ്യാറെടുപ്പിനെക്കുറിച്ച് വിശദീകരിക്കാനും നമ്മൾ ആഗ്രഹിക്കുന്നു.

2013 ഏപ്രിലിൽ യു.പി‌.എ സർക്കാർ അംഗീകരിച്ച മൗണ്ടൻ സ്ട്രൈക്ക് കോർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട നിലവിലെ നിലപാട് എന്താണെന്നും അതിന്‍റെ പുരോഗതി എന്താണെന്നും ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു.

ഇന്ത്യൻ നാഷണൽ കോൺഗ്രസും പ്രതിപക്ഷവും ഒന്നിച്ച് നമ്മുടെ പ്രതിരോധ സേനയ്‌ക്കൊപ്പം നിൽക്കുന്നു. യുദ്ധമാണ് മുന്നിലെങ്കിൽ സേനകളെ യുദ്ധത്തിന് സജ്ജമാക്കാൻ പ്രതിപക്ഷം എന്തു സഹകരണത്തിനും തയ്യാറാണ്. ഐക്യത്തിന്‍റെയും ഐക്യദാർഢ്യത്തിന്‍റെയും ഒരു ചിത്രം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനായി സർക്കാർ എല്ലാ പ്രതിപക്ഷ പാർട്ടികളെയും രാജ്യത്തെയും വിശ്വാസത്തിലെടുക്കുകയും പതിവായി ഞങ്ങളെ കാര്യങ്ങൾ അറിയിക്കുകയും ചെയ്യുമെന്ന് രാജ്യം ഒന്നടങ്കം പ്രതീക്ഷിക്കുന്നു.

പ്രധാനമന്ത്രി മോദിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഈ യോഗത്തിലേക്ക് ക്ഷണിച്ചതിന് നന്ദി.

ജയ്ഹിന്ദ്..