കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം: ബിജെപി മന്ത്രി വിജയ് ഷായ്ക്കെതിരെ പ്രത്യേക അന്വേഷണ സംഘം

Jaihind News Bureau
Monday, May 19, 2025

ന്യൂഡല്‍ഹി: സൈനിക ഉദ്യോഗസ്ഥ കേണല്‍ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ബിജെപി മന്ത്രിയും മധ്യപ്രദേശ് മുന്‍ വനംവകുപ്പ് മന്ത്രിയുമായ കുന്‍വര്‍ വിജയ് ഷായ്ക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. മധ്യപ്രദേശില്‍ നിന്നുള്ളവരല്ലാത്ത, മൂന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്നതായിരിക്കണം ഈ സംഘം. ഇതില്‍ ഒരാള്‍ വനിതാ ഉദ്യോഗസ്ഥയായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

വിജയ് ഷായുടെ പരാമര്‍ശങ്ങളെ ‘വൃത്തികെട്ടതും, നിലവാരമില്ലാത്തതും, ലജ്ജാകരവും’ എന്ന് വിശേഷിപ്പിച്ച കോടതി, അദ്ദേഹം പരസ്യമായി നടത്തിയ ഖേദപ്രകടനം ആത്മാര്‍ത്ഥതയില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി തള്ളി. ‘നിങ്ങള്‍ എങ്ങനെ സ്വയം തെറ്റുതിരുത്തുമെന്ന് ചിന്തിക്കുക… രാജ്യം മുഴുവന്‍ ലജ്ജിക്കുന്നു… നമ്മള്‍ നിയമവാഴ്ചയില്‍ ഉറച്ചു വിശ്വസിക്കുന്ന രാജ്യമാണ്,’ ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ‘നിങ്ങളുടെ ഖേദപ്രകടനം ഞങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറല്ല. നിയമപരമായ ബാധ്യതകളില്‍ നിന്ന് രക്ഷപ്പെടാന്‍ മാത്രമുള്ളതാണത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മധ്യപ്രദേശ് ഡിജിപി നാളെ (മെയ് 20) രാവിലെ 10 മണിക്കകം എസ്‌ഐടി രൂപീകരിക്കണം. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കണം സംഘത്തലവന്‍, മറ്റ് രണ്ട് അംഗങ്ങളും എസ്പി റാങ്കിലോ അതിനു മുകളിലോ ഉള്ളവരായിരിക്കണം. അതേസമയം, അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്ന വ്യവസ്ഥയോടെ വിജയ് ഷായുടെ അറസ്റ്റ് കോടതി തടഞ്ഞു. അന്വേഷണത്തില്‍ നേരിട്ട് മേല്‍നോട്ടം വഹിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ബെഞ്ച് വ്യക്തമാക്കിയെങ്കിലും, അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്‌ഐടിയോട് ആവശ്യപ്പെട്ടു. കേസ് മെയ് 28ന് വീണ്ടും പരിഗണിക്കും.