ന്യൂഡല്‍ഹി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധി നാളെ കോടതിയിൽ ഹാജരാകും. ഉത്തർപ്രദേശിലെ സുൽത്താൻപുർ കോടതിയിലാണ് ഹാജരാകുക. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ നടത്തിയ പരാമർശത്തില്‍ ബിജെപി നേതാവ് നല്കിയ പരാതിയിലാണ് കേസെടുത്തത്. സംശുദ്ധ രാഷ്ട്രീയം അവകാശപ്പെടുന്ന ബിജെപിയുടെ ദേശീയ അധ്യക്ഷൻ അമിത് ഷാ കൊലപാതകക്കേസിൽ പ്രതിയാണ് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഇതിനെതിരെ ബിജെപി നേതാവ് വിജയ് മിശ്രയാണ് പരാതി നല്‍കിയത്.
2018-ല്‍ കർണാടകയില്‍ വെച്ച് അമിത് ഷായ്ക്കെതിരെ നടത്തിയ പരാമർശത്തിലാണ് ബിജെപി നേതാവ് പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് എടുത്തിരിക്കുന്ന കേസിലാണ് രാഹുല്‍ നാളെ കോടതിയില്‍ ഹാജരാകുന്നത്. ഇതിനായി ഭാരത് ജോഡോ ന്യായ് യാത്ര 2 മണി വരെ നിര്‍ത്തിവെച്ചേക്കുമെന്നാണ് സൂചന. ഉത്തർപ്രദേശിലാണ് യാത്ര നിലവില്‍ പര്യടനം തുടരുന്നത്.
ഭാരത് ജോഡോ ന്യായ് യാത്ര താല്‍ക്കാലികമായി നിർത്തിവെച്ച് ഇന്നലെ രാഹുൽ ഗാന്ധി വയനാട്ടില്‍ എത്തിയിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെയും പോളിന്റെയും വീടുകളില്‍ എത്തിയ രാഹുല്‍ ഗാന്ധി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കടുവയുടെ ആക്രമണത്തിൽ കഴിഞ്ഞ ഡിസംബറിൽ കൊല്ലപ്പെട്ട മൂടക്കൊല്ലി സ്വദേശി പ്രജീഷിന്റെ വീടും രാഹുൽ ഗാന്ധി സന്ദർശിച്ചു. ജില്ലാ ഭരണകൂടവുമായി നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് രാഹുൽ ഗാന്ധി മടങ്ങിയത്.