സിദ്ധാർത്ഥന്‍റെ മരണം; മണിക്കൂറുകളോളം മർദ്ദിച്ചു, ഹോസ്റ്റലില്‍ അലിഖിത നിയമമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

Jaihind Webdesk
Sunday, March 3, 2024

വയനാട്: പൂക്കോട് വെറ്റിനറി കോളേജ് മെന്‍സ് ഹോസ്റ്റലില്‍ അലിഖിത നിയമം എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. അലിഖിത നിയമമനുസരിച്ച് പെണ്‍കുട്ടിയുടെ പരാതി ഒത്തുതീര്‍പ്പാക്കാനാണ് സിദ്ധാര്‍ത്ഥനെ വിളിച്ചുവരുത്തിയത്. എന്നാല്‍ എറണാകുളത്ത് എത്തിയ സിദ്ധാര്‍ത്ഥന്‍ തിരികെ കോളേജിലേക്ക് വരികയായിരുന്നു.

സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍റ് റിപ്പോര്‍ട്ടിൽ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.  പൂക്കോട് വെറ്റിനറി കോളേജ് മെന്‍സ് ഹോസ്റ്റലില്‍ ‘അലിഖിത നിയമം’ എന്ന് റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. എറണാകുളത്ത് എത്തിയ സിദ്ധാര്‍ത്ഥനെ തിരികെ കോളേജിലേക്ക് വിളിച്ചു വരുത്തിയത് ഡാനിഷ് എന്ന വിദ്യാര്‍ത്ഥിയാണ്. തിരികെ എത്തിയ സിദ്ധാര്‍ത്ഥനെ പ്രതികൾ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് റിമാന്‍റ് റിപ്പോര്‍ട്ടിൽ പറയുന്നത്.

ഫെബ്രുവരി 18 നാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റൽ മുറിയിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  15 ആം തീയതി വീട്ടിലേക്ക് പോയ സിദ്ധാർത്ഥനെ തിരികെ വിളിച്ച് മുറിയില്‍ നിന്ന് പുറത്തേക്ക് പോകാന്‍ പോലും അനുവദിക്കാതെ തടങ്കലില്‍ വച്ചും അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെല്‍റ്റ് കൊണ്ടും കേബിള്‍ വയര്‍ കൊണ്ടും കൈകൊണ്ട് അടിച്ചും കാല് കൊണ്ട് തൊഴിച്ചും അതിക്രൂരമായി പീഡനത്തിന് ഇരയാക്കി. പൊതുമധ്യത്തില്‍ പരസ്യ വിചാരണ നടത്തിയും മര്‍ദിച്ചും അപമാനിച്ചതിനെ തുടര്‍ന്ന് സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  കൊലപാതക സാധ്യതയെ പറ്റി പരിശോധിക്കേണ്ടതുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും റിപ്പോര്‍ട്ടിൽ അന്വേഷണ സംഘം പറയുന്നു.