ദുബായ് : ദുബായില്‍ സന്ദര്‍ശക-ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കാന്‍, ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് ഉള്‍പ്പടെയുള്ള നിബന്ധനകള്‍ ഇനി ആവശ്യമില്ല. ഇതുസംബന്ധിച്ച വീസാ നിബന്ധനകള്‍, വേണ്ടെന്ന് വെയ്ക്കാന്‍ ദുബായ് തീരുമാനിച്ചു. ആയിരങ്ങള്‍ക്ക് ഏറെ ആശ്വാസകരമാകുന്നതാണ് ഈ തീരുമാനം.
ദുബായില്‍ സന്ദര്‍ശക-ടൂറിസ്റ്റ് വീസകള്‍ക്ക് , സെപ്റ്റംബര്‍ 14 നാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ഇതാണ്, സെപ്റ്റംബര്‍ 15 ന് തന്നെ ദുബായ് വേണ്ടെന്ന് വെച്ചത്. ഇതനുസരിച്ച്, ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, യാത്രക്കാരന്റെ മടക്കയാത്രാ ടിക്കറ്റ്, മടങ്ങിപ്പോകുമെന്ന വാഗ്ദാനപത്രം, താമസിക്കുന്ന ഹോട്ടലിന്റെ റിസര്‍വേഷന്‍ തെളിവ് തുടങ്ങിയവ ഹാജരാക്കണം എന്നതായിരുന്നു നിബന്ധനകള്‍. ഇത് മലയാളികള്‍ ഉള്‍പ്പടെ ആയിരങ്ങളെ ദുരിതത്തിലാക്കുന്ന പ്രഖ്യാപനമായിരുന്നു.
കൂടാതെ, ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ വരുന്നവര്‍, ഇതിനൊപ്പം , യുഎഇയിലെ ബന്ധുവിന്റെ മേല്‍വിലാസത്തിന്റെ തെളിവ്, അവരുടെ എമിറേറ്റ്സ് ഐഡിയുടെ പകര്‍പ്പ് എന്നിവയും നല്‍കണമെന്നും നേരത്തെ അറിയിച്ചിരുന്നു. ഇത് യുഎഇയിലേയ്ക്ക്, തൊഴില്‍ തേടി സന്ദര്‍ശക വീസയില്‍ വരുന്നവര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുമെന്നതിനാല്‍, മലയാളികളടക്കമുള്ള പ്രവാസികളില്‍ ആശങ്ക ഉണ്ടാക്കിയിരുന്നു. കൂടാതെ, ട്രാവല്‍ ഏജന്‍സികളും പുതിയ നിബന്ധനകള്‍ തങ്ങളുടെ ബിസിനസിനെ ബാധിക്കുമെന്നും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ഇതെല്ലാമാണ് ദുബായ് ഇപ്പോള്‍ ഒഴിവാക്കിയത്. പുതിയ പ്രഖ്യാപനം ആയിരങ്ങള്‍ക്ക് ആശ്വാസകരമാകുകയാണ്.