പാക് പൗരന്മാര്‍ക്ക് ആശ്വാസം: അട്ടാരി-വാഗ വഴി മടങ്ങാന്‍ കൂടുതല്‍ സാവകാശം അനുവദിച്ചു; അതിര്‍ത്തി ഗേറ്റുകള്‍ തുറക്കാതെ പാകിസ്ഥാന്‍

Jaihind News Bureau
Thursday, May 1, 2025

ഇന്ത്യയില്‍ താമസിക്കുന്ന പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഏപ്രില്‍ 30-ന് അട്ടാരി-വാഗ ഇന്ത്യന്‍ അതിര്‍ത്തി അടയ്ക്കുമെന്ന മുന്‍ ഉത്തരവ് ഭാഗികമായി ഭേദഗതി ചെയ്തു. പാകിസ്ഥാനിലേക്ക് മടങ്ങാന്‍ കൂടുതല്‍ സാവകാശം അനുവദിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അവര്‍ക്ക് തുടരാമെന്നാണ് പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്. ഇതില്‍ തീയതി നിശ്ചയിക്കപ്പെട്ടിട്ടില്ല.

‘ഉത്തരവ് പുനഃപരിശോധിച്ചു, ഭാഗികമായ ഭേദഗതിയോടെ, അട്ടാരിയിലെ സംയോജിത ചെക്ക് പോസ്റ്റില്‍ നിന്ന് പാകിസ്ഥാനിലേക്ക് പോകാന്‍ പാകിസ്ഥാന്‍ പൗരന്മാരെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ, ആവശ്യമായ ക്ലിയറന്‍സുകളോടെ അനുവദിക്കാമെന്ന് ഇപ്പോള്‍ ഉത്തരവിടുന്നു,’ ഏറ്റവും പുതിയ ഉത്തരവില്‍ പറയുന്നു.
ഏപ്രില്‍ 30-ലെ സമയപരിധി അവസാനിച്ചതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടന്ന നിരവധി പേര്‍ക്ക് ഈ തീരുമാനം വലിയ ആശ്വാസമാണ് നല്‍കുന്നത്. എന്നാല്‍, സ്വന്തം പൗരന്മാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാന്‍ പാകിസ്ഥാന്‍ ഇതുവരെ അതിര്‍ത്തി ഗേറ്റുകള്‍ തുറന്നിട്ടില്ലെന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.അതു കാ്ത്തിരിക്കുന്നവര്‍ക്കാണ് ഈ ഉത്തരവ് പ്രയോജനം ചെയ്യുക.

പഹല്‍ഗാമില്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരര്‍ 25 വിനോദസഞ്ചാരികളെയും ഒരു കശ്മീരിയെയും വെടിവെച്ചു കൊന്ന ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു പാക് പൗരന്മാര്‍ രാജ്യം വിടണമെന്ന കേന്ദ്രത്തിന്റെ ആദ്യ നിര്‍ദ്ദേശം വന്നത്. ഈ നിര്‍ദ്ദേശം വന്ന് ആറ് ദിവസത്തിനുള്ളില്‍ 55 നയതന്ത്ര ഉദ്യോഗസ്ഥരും അവരുടെ സഹായികളും ഉള്‍പ്പെടെ 786 പാകിസ്ഥാന്‍ പൗരന്മാര്‍ അട്ടാരി-വാഗ അതിര്‍ത്തി വഴി ഇന്ത്യ വിട്ടിരുന്നു. ഇതേ കാലയളവില്‍ 1,465 ഇന്ത്യക്കാര്‍ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തി.

ഹ്രസ്വകാല വിസകളും സാര്‍ക്ക് വിസകളുമുള്ളവര്‍ ഏപ്രില്‍ 27-നകവും മെഡിക്കല്‍ വിസയുള്ളവര്‍ ഏപ്രില്‍ 29-നകവും രാജ്യം വിടണമെന്നായിരുന്നു ആദ്യ നിര്‍ദ്ദേശം. നിശ്ചിത സമയപരിധിക്ക് ശേഷം ഒരു പാകിസ്ഥാന്‍ പൗരനും ഇന്ത്യയില്‍ തങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞയാഴ്ച എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു.

ഈ നീക്കം നിരവധി കുടുംബങ്ങളെ വേര്‍പിരിക്കുകയും അമ്മമാരെ മക്കളില്‍ നിന്ന് അകറ്റുകയും ചെയ്തു. കഴിഞ്ഞ 30-40 വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന നിരവധി പാകിസ്ഥാനികളും നാടുകടത്തപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇത് ചില വിഭാഗങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേമ സംഘടനകളില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും അഭ്യര്‍ത്ഥനകള്‍ ഉയരാന്‍ കാരണമായി. ഇന്ത്യക്കാരെ വിവാഹം കഴിച്ച പാകിസ്ഥാന്‍ പൗരന്മാരെ നാടുകടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഈ ആഴ്ച ആദ്യം കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു.

‘ബാധിക്കപ്പെട്ടവരില്‍ പലരും 30-40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെത്തി, ഇന്ത്യന്‍ പൗരന്മാരെ വിവാഹം കഴിച്ച്, കുടുംബമായി ജീവിച്ച്, ദീര്‍ഘകാലമായി നമ്മുടെ സമൂഹത്തിന്റെ ഭാഗമായ സ്ത്രീകളാണ്,’ ഇത് ‘ഗുരുതരമായ മാനുഷിക ആശങ്കകള്‍’ ഉയര്‍ത്തുന്നുവെന്ന് പിഡിപി അധ്യക്ഷ എക്സിലെ ഒരു പോസ്റ്റില്‍ കുറിച്ചു.
കേന്ദ്രത്തിന്റെ പുതിയ തീരുമാനം ഈ ആശങ്കകള്‍ക്ക് ഭാഗികമായെങ്കിലും പരിഹാരമാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ പാകിസ്ഥാന്‍ അതിര്‍ത്തി തുറന്നാല്‍ മാത്രമേ ഇവര്‍ക്ക് മടങ്ങിപ്പോകാന്‍ സാധിക്കൂ.