അനുപമയുടെ കുഞ്ഞിന്‍റെ ദത്തെടുക്കല്‍ നടപടിക്ക് ഇടക്കാല സ്റ്റേ; വിശദമായ വാദം നവംബർ 1 ന്

Jaihind Webdesk
Monday, October 25, 2021

തിരുവനന്തപുരം : അനുപമ എസ് ചന്ദ്രന്‍റെ കുഞ്ഞിന്‍റെ ദത്ത് നടപടികൾ നിർത്തിവെക്കാൻ തിരുവനന്തപുരം കുടുംബ കോടതിയുടെ ഉത്തരവ്. സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സിയുടെ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല സ്റ്റേ. കേസിൽ വിശദമായ വാദം നവംബർ ഒന്നിന് കേൾക്കും.

കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണോ കൈമാറ്റം ചെയ്യപ്പെട്ടതാണോ എന്ന കാര്യത്തിൽ വ്യക്തത വേണമെന്നും ഡിഎൻഎ പരിശോധന നടത്തണമെന്നും കോടതി ഉത്തരവിട്ടു. കു‍ഞ്ഞിന്‍റെ സംരക്ഷണത്തിന്‍റെ പൂര്‍ണ അവകാശം ദത്തെടുത്ത ദമ്പതികള്‍ക്ക് നൽകുന്നതിന്‍റെ അന്തിമ വിധിയായിരുന്നു ഇന്ന് കോടതി പുറപ്പെടുവിക്കാനിരുന്നത്. കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പുണ്ടെന്നും ദത്തെടുക്കല്‍ നടപടികൾ സംബന്ധിച്ച് പൊലീസും സര്‍ക്കാരും അന്വേഷണം നടത്തുന്നുണ്ടെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ തീരുമാനമാകുന്നത് വരെ ദത്തില്‍ തീര്‍പ്പുകല്‍പ്പിക്കരുതെന്ന ആവശ്യമാണ് കോടതി ഇന്ന് പരിഗണിച്ചത്.  തുടർ തീരുമാനങ്ങൾ നവംബർ ഒന്നിന് വാദം കേട്ട ശേഷമാകും നടപ്പിലാക്കുക.

കോടതി വിധിയില്‍ അനുപമ സന്തോഷം പ്രകടിപ്പിച്ചു. എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും നവംബർ ഒന്നിന് അനുകൂല വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അനുപമ പറഞ്ഞു. ആദ്യ ഘട്ടത്തിൽ തന്നെ പിന്തുണ ലഭിച്ചിരുന്നെങ്കില്‍ കുഞ്ഞ് കൂടെയുണ്ടാകുമായിരുന്നുവെന്നും അനുപമ വ്യക്തമാക്കി. വൈകിയാണെങ്കിലും എല്ലാം ശരിയാകുന്നതിൽ സന്തോഷമുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി വേണമെന്നും അനുപമ ആവശ്യപ്പെട്ടു.