റോണോയ്ക്ക് കിരീടമില്ലാതെ പടിയിറക്കം; അഞ്ച് ലോകകപ്പ് നീണ്ട ഐതിഹാസിക കരിയറിന് വിരാമം

Jaihind Webdesk
Sunday, December 11, 2022

ഫിഫ ലോകകപ്പില്‍ സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായി മൊറോക്കോ ചരിത്രമെഴുതിയപ്പോള്‍ വിരാമമാവുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന സിആര്‍7ന്‍റെ അഞ്ച് ലോകകപ്പ് നീണ്ട ഐതിഹാസിക കരിയറിനാണ്. 20 വര്‍ഷത്തോളം പറങ്കിപ്പടയെ നയിച്ച് ലോകം ചുറ്റിയ റൊണാള്‍ഡോയുടെ അവസാന ലോകകപ്പ് കണ്ണീരില്‍ കുതിര്‍ന്നതായി. എക്കാലത്തെയും മികച്ച ഗോളടിവീരനായി പേരെടുത്തിട്ടും അവസാന മത്സരങ്ങളില്‍ ബഞ്ചിലിരുന്ന് ആരാധകരെ പോലും കരയിച്ച റൊണാള്‍ഡോ വിങ്ങിപ്പൊട്ടിയാണ് മൊറോക്കോയ്ക്ക് എതിരായ ക്വാര്‍ട്ടര്‍ മത്സരം കഴിഞ്ഞ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്.

ഇതായിരുന്നില്ല റോണോ നിങ്ങള്‍ അര്‍ഹിച്ചത്. സ്വന്തം രാജ്യത്തിനായി യൂറോകപ്പും യുവേഫ നേഷന്‍സ് കിരീടവും സമ്മാനിച്ച നായകന്‍ പകരക്കാരനാക്കപ്പെട്ട് ലോകകിരീടമെന്ന സ്വപ്നം ബാക്കിയാക്കി മടങ്ങുന്ന ദൃശ്യം ഹൃദയം പിളര്‍ക്കുന്നതാണ്. യൂറോപ്പിന്‍റെ ഫുട്ബോള്‍ ഭൂപടത്തില്‍ അത്രയൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത പോര്‍ച്ചുഗലിന് ഇന്നുകാണുന്ന പകിട്ടും പെരുമയും സമ്മാനിച്ചത് സിആര്‍ 7 എന്ന റൊണാള്‍ഡോയുടെ വിയര്‍പ്പിന്‍റെ ഉപ്പുരസമാണ്. മൊറോക്കോയുടെ യൂസുഫ് അന്നസീരി നേടിയ ഏക ഗോളില്‍ പറങ്കിപ്പട വീണപ്പോള്‍ കരഞ്ഞുകൊണ്ട് മൈതാനം വിട്ട ക്രിസ്റ്റ്യാനോയുടെ മുഖം ഏതൊരു ഫുട്ബോള്‍ ആരാധകന്റെയും നെഞ്ചു തകര്‍ക്കുന്ന കാഴ്ചയാണ്.

അഞ്ചു തവണ ലോകകപ്പ് കളിക്കുകയും എല്ലാ തവണയും ഗോള്‍ നേടുകയും ചെയ്തിട്ടും കിരീടമില്ലാതെ മടങ്ങുകയെന്ന ഇരട്ടി ദുഃഖമാണ് താരത്തെ വേട്ടയാടുക. മൊറോക്കോക്കെതിരായ കളിയുടെ അവസാന നിമിഷങ്ങളില്‍ ഗോളെന്നുറച്ച ഒന്നിലേറെ ഷോട്ടുകള്‍ ക്രിസ്റ്റ്യാനോയുടെ ബൂട്ടുകളില്‍നിന്ന് പറന്നെങ്കിലും അവ എതിര്‍ഗോളി യാസീന്‍ ബോനോയുടെ കൈകളില്‍ തട്ടി മടങ്ങുകയായിരുന്നു. അവസാന വിസില്‍ മുഴങ്ങിയതിനു പിന്നാലെയാണ് ഒന്നിനും നില്‍ക്കാതെ കണ്ണീര്‍ തുടച്ച് താരം തിരിച്ചുനടന്നത്. അടക്കാനാവാത്ത ആധിയുമായി മൈതാനത്തുനിന്ന സഹതാരങ്ങളെ വിട്ട് നായകന്‍ ക്രിസ്റ്റ്യാനോ നേരത്തെ മടങ്ങുമ്പോള്‍ താരത്തിനൊപ്പം ചരിത്രവും പിറകോട്ടു നടക്കുകയായിരുന്നു. ഏതൊരു ആരാധകനും റോണോ ലോകകിരീടത്തില്‍ മുത്തമിടുന്നത് കാണാന്‍ ആഗ്രഹിച്ചിട്ടുണ്ട്. കാരണം റോണോ അത് അത്രമേല്‍ അര്‍ഹിച്ചിരുന്നു. സിആര്‍ സെവന്‍ എന്ന മുദ്ര ചാര്‍ത്തപ്പെടാത്ത ആ കനകകിരീടവും അപൂര്‍ണമാണ്. പോരാളികള്‍ കരയാറില്ലെന്നത് വെറും തോന്നല്‍ മാത്രമാണ്. അല്ലെങ്കില്‍ ലോകത്തിന്‍റെ എത്രയോ കളിക്കളങ്ങളില്‍ വിസ്മയിപ്പിച്ച സിആര്‍സെവന്‍ കണ്ണീരണിയില്ലായിരുന്നു.

അഞ്ച് ബാലന്‍ ഡി ഓര്‍ നേടിയ, ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോയുടെ ഷോക്കേസില്‍ ലോകകപ്പ് കിരീടമെന്നത് സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്. ഇനിയൊരിക്കലും ഫലിക്കാന്‍ സാധ്യതയില്ലാത്ത സ്വപ്നം